രജനീകാന്ത് സിനിമയുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനമേറ്റു
Wednesday, March 22, 2017 6:29 AM IST
ന്യൂഡൽഹി: രജനീകാന്ത്- ശങ്കർ ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം യെന്തിരൻ രണ്ടാം ഭാഗം 2.0യുടെ സെറ്റിൽ മാധ്യമപ്രവർത്തകർക്കു മർദനം. ദി ഹിന്ദു ദിനപത്രത്തിന്‍റെ രണ്ട് ഫോട്ടോ ജേർണലിസ്റ്റുകളാണ് ആക്രമിക്കപ്പെട്ടത്. സീനിയർ ഫോട്ടോഗ്രാഫർ എസ്.ആർ.രഘുനാഥൻ, ജി.ശ്രീഭരത് എന്നിവർക്കാണു മർദനമേറ്റത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സിനിമാ ചിത്രീകരണത്തിന്‍റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ തങ്ങളെ മർദിക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തരിൽ ഒരാൾ ആരോപിച്ചു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തി ഇവർ സിനിമ ചിത്രീകരിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു.

ആക്രമണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ സെറ്റിൽ പ്രതിഷേധം നടത്തുകയും ഷൂട്ടിംഗ് തടസ്സപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവർത്തകരെ മർദിച്ച സംവിധായകന്‍ ശങ്കറിന്‍റെ സഹായികളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പത്രസമ്മേളനം നടത്തി ശങ്കർ മാപ്പു പറഞ്ഞു. തന്‍റെ അറിവോടെയല്ല ഇത് നടന്നതെന്നും ഇങ്ങനെയൊക്കെ നടന്നതിൽ താൻ മാപ്പു പറയുന്നുവെന്നും ശങ്കർ പറഞ്ഞു.

രജനീകാന്ത് മുഖ്യവേഷത്തിലെത്തിയ യെന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. രജനീകാന്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ്കുമാർ, ആമി ജാക്സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.