തേനിയിലെ ന്യൂട്രിനോ പരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി
Monday, March 20, 2017 7:36 PM IST
ചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ കേരള അതിർത്തിയോടു ചേർന്ന് നടത്താനിരുന്ന ന്യൂട്രിനോ പരീക്ഷണം ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ചിന്‍റെ ഉത്തരവ്. 2010ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ന്യൂട്രിനോ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകിയത്.

കേരള-തമിഴ്നാട് അതിർത്തിയിൽ തേവാരത്തിനു സമീപം പെട്ടിപ്പുറത്താണ് കണികാ പരീക്ഷണശാല സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. അന്പരശൻകോട് എന്ന മലയ്ക്കുള്ളിലെ ഭൂഗർഭ കേന്ദ്രത്തിൽ പരീക്ഷണശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി 66 ഏക്കർ ഭൂമിയും തമിഴ്നാട് വിട്ടുനൽകി. 1500 കോടി രൂപയുടെ ന്യൂട്രിനോ ഒബ്സർവേറ്ററി പദ്ധതി കേന്ദ്ര ആണവ വകുപ്പിന്‍റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെയും നേതൃത്വത്തിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം.

കണികാ പരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലും പ്രതിഷേധമുണ്ട്. എംഡിഎംകെ നേതാവ് വൈകോയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കേന്ദ്രത്തിനും തമിഴ്നാട് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. പരീക്ഷണം ഇടുക്കി അണക്കെട്ടിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും വിമർശനം ഉയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.