പശുവിറച്ചി പാകം ചെയ്തെന്നു വ്യാജപരാതി; ഹോട്ടൽ അടച്ചുപൂട്ടി
Monday, March 20, 2017 5:11 PM IST
ജയ്പുർ: പശുവിറച്ചി പാകം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഹോട്ടൽ അടച്ചുപൂട്ടി ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗോ രക്ഷാദൾ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്. എന്നാൽ പരാതി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.

ഹോട്ടലിൽ പശുവിറച്ചി പാകം ചെയ്തെന്നും ഇതിന്‍റെ അവശിഷ്ടങ്ങൾ തുറസായ സ്ഥലത്തു നിക്ഷേപിച്ചെന്നും ആരോപിച്ചാണ് ഗോ രക്ഷാദൾ നേതാവ് കമൽ ദിദി പരാതി നൽകിയത്. തുടർന്നു പോലീസ് റെയ്ഡ് നടത്തി ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചു. ഹോട്ടലിന്‍റെ ഉടമസ്ഥൻ നയിം റബ്ബാനിയെയും രണ്ടു ജോലിക്കാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നു തെളിഞ്ഞതായി ജയ്പുർ ഡിസിപി അശോക് കുമാർ ഗുപ്ത അറിയിച്ചു. ഹോട്ടലിൽനിന്നു മാംസാഹാരങ്ങളുടെ അവശിഷ്ടങ്ങൾ പുറത്തേക്ക് എറിയുന്നതിൽ നാട്ടുകാർക്കുള്ള നീരസമാണ് പരാതിക്കു പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നിരുന്നാലും ലൈസൻസ് ഹാജരാക്കാത്തതിന്‍റെ പേരിൽ ഹോട്ടൽ അടച്ചുപൂട്ടാൻ മുനിസിപ്പൽ കോർപറേഷൻ നിർദേശിച്ചിട്ടുണ്ട്.