പാക് പത്രം ഇന്ത്യൻ ചാരൻമാരായി ചിത്രീകരിച്ചെന്ന് സൂഫി പുരോഹിതൻ
Monday, March 20, 2017 6:05 AM IST
ന്യൂഡൽഹി: തങ്ങളെ റോ ഉദ്യോഗസ്ഥരായി ഒരു പാക് പത്രം ചിത്രീകരിച്ചെന്ന് പാകിസ്ഥാനിൽനിന്നു തിരിച്ചെത്തിയ രണ്ട് ഇന്ത്യൻ സൂഫി പുരോഹിത·ാരിൽ ഒരാളുടെ വെളിപ്പെടുത്തൽ. ഉമത് എന്ന പാകിസ്ഥാൻ പത്രം തെറ്റായ ചിത്രങ്ങളടക്കം നൽകിയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്നും തങ്ങൾക്ക് ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റോയുമായി ബന്ധമുണ്ടെന്നുമായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നതെന്നും പാക്കിസ്ഥാനിൽനിന്നു തിരിച്ചെത്തിയ നാസിം നിസാമി പറഞ്ഞു.

സിന്ധ് പ്രവിശ്യയിലെ ഒരു വിദൂര ഗ്രാമത്തിൽനിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഇവരുടെ ഫോണിന് സിഗ്നൽ ലഭ്യമല്ലാതിരുന്നതാണ് ആശയക്കുഴപ്പങ്ങൾക്കു കാരണമായത്. പാകിസ്ഥാനിൽ തടഞ്ഞുവെക്കപ്പെട്ടു എന്ന വാർത്ത തള്ളിക്കളഞ്ഞ ഇരുവരും അതേ സമയം ഇന്ത്യൻ സർക്കാരിന് നന്ദി പറയുകയും ചെയ്തു.

ഡൽഹിയിലെ ഹസ്റത് നിസാമുദീൻ ദർഗയിലെ പുരോഹിരായ സൈദ് ആസിഫ് അലി നിസാമിയും മരുമകൻ നിസാം അലി നിസാമിയും ഇന്നുരാവിലെയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഈ മാസം ആറിനാണ് നിസാമിയും സഹോദരനും പാക്കിസ്ഥാനിലേക്കു പോകുന്നത്. കറാച്ചിയിൽ സഹോദരിയുടെ വീട്ടിലായിരുന്നു ഇവരുടെ താമസം. പിന്നീട് ലാഹോറിലേക്കു പോയ ആസിഫ് അലി നിസാമി ഇവിടുത്തെ ബാബ ഫരിദ് സ്മാരകത്തിൽ പ്രാർഥനകൾ നടത്തി. തൊട്ടടുത്ത ദിവസം മറ്റൊരു സൂഫി സ്മാരകവും സന്ദർശിച്ചു. തുടർന്ന് ഈമാസം 15ന് ലാഹോറിൽ എത്തിയശേഷം ആസിഫ് അലി നിസാമിയെ കാണാതാകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.