കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത്; പോലീസിന് കോടതിയുടെ മുന്നറിയിപ്പ്
Monday, March 20, 2017 4:10 PM IST
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത പോലീസിനെതിരേ വിമർശനവുമായി ഹൈക്കോടതി. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുതെന്നും അത്തരത്തിൽ ശ്രമം നടത്തുന്ന പോലീസുകാരെ എന്തുചെയ്യണമെന്നു കോടതിക്ക് അറിയാമെന്നും കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റീസ് എബ്രാഹം മാത്യു പറഞ്ഞു.

കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുത്. അങ്ങനെ സംഭവിച്ചാൽ പോലീസുകാരെ എന്തു ചെയ്യണമെന്ന് അറിയാം. പരാതിക്കാരനില്ലാത്ത പരാതി പോലീസിന് എന്തിനാണ്. പരാതിക്കാരന്‍റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പോലീസ് പിന്നീട് കൂട്ടിച്ചേർത്തതായാണ് കാണുന്നത്. തെറ്റായ പ്രോസിക്യൂഷൻ നടപടികളാണ് പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടായതെങ്കിൽ നടപടിയുണ്ടാകുമെന്നും ജഡ്ജി പറഞ്ഞു.

ലക്കിടി കോളജിലെ വിദ്യാർഥി ഷെഹീറിനെ മർദ്ദിച്ചവശനാക്കിയ കേസിലാണ് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പട്ടാന്പിക്കടുത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഉൾപ്രദേശമായ എരുമപ്പെട്ടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് പുറമേ നാലുപേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കൃഷ്ണദാസിന്‍റെ നിയമോപദേശക സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരൻ, ഗോവിന്ദൻകുട്ടി, വത്സലകുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോളജിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരേ ഷെഹീർ എന്ന വിദ്യാർഥി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്നാം തീയതി കോളജിൽ എത്തിയ ഷെഹീറിന്‍റെ ഹാജർ രേഖപ്പെടുത്താതെ പ്രതികൾ പാന്പാടി നെഹ്റു കോളജിലുണ്ടായിരുന്ന ചെയർമാൻ കൃഷ്ണദാസിന്‍റെ അടുത്തേയ്ക്കു കൊണ്ടുപോയി. ഇവിടെ വച്ച് കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.

ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയകേസുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.