ആദ്യദിനംതന്നെ അറവുശാലകൾക്കു പൂട്ടിട്ട് യോഗി ആദിത്യനാഥ്
Monday, March 20, 2017 3:50 PM IST
ലക്നോ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിനംതന്നെ കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ ആദ്യ ഉത്തരവ്. അലഹബാദിലെ രണ്ട് അറവുശാലകൾക്കാണ് പൂട്ടുവീഴുന്നത്. രാംബാഗ്, അടാല എന്നിവിടിങ്ങളിലെ കശാപ്പുശാലകൾ അടച്ചുപൂട്ടാൻ നിർദേശിച്ചു സർക്കാർ ഉത്തരവിറക്കി. അലഹബാദ് പോലീസിനോട് ഇതുസംബന്ധിച്ചു മേൽനോട്ടം വഹിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ ഒരു വിട്ടുവീഴ്ചയും സംഭവിക്കരുതെന്ന് സർക്കാർ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശവും നൽകി. യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരമേറ്റു മണിക്കൂറുകൾക്കുള്ളിൽ ബിഎസ്പി നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ഞായറാഴ്ചയാണ് ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റു മന്ത്രിമാരെയും ഇവരുടെ വകുപ്പുകളും ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല.