ശിക്ഷാ കാലാവധി കഴിഞ്ഞവരെ ജയിലിൽ കഴിയാൻ അനുവദിക്കരുതെന്നു മുഖ്യമന്ത്രി
Monday, March 20, 2017 4:57 AM IST
തിരുവനന്തപുരം: ജയിലുകളിലെ സൗകര്യങ്ങൾ കഴിയുന്നത്ര വർധിപ്പിക്കണമെന്നാണ് സർക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലിൽ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് കേരളത്തിലെ ജയിലുകളിലേത്. സംസ്ഥാനത്തെ ജയിലുകളിൽ തൊഴിലെടുക്കുന്ന തടവുകാർക്ക് മെച്ചപ്പെട്ട പ്രതിഫലമാണ് നൽകുന്നത്. കഴിഞ്ഞ ബജറ്റിൽ ഇത് 20 ശതമാനം വർധിപ്പിച്ചു. അടഞ്ഞ ജയിലുകളിലെ അന്തേവാസികളുടെ പ്രതിഫലം 130 രൂപയും തുറന്ന ജയിലുകളിലെ അന്തേവാസികളുടേത് 175 രൂപയുമാണ്. ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലിൽ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആയുഷ്കാലം മുഴുവൻ ആരും ജയിലിൽ താമസിക്കാൻ പാടില്ല. ജയിലിലെത്തുന്നവരെയെല്ലാം കുറ്റവാസനയുള്ളവരായി കാണരുത്. ചെറിയൊരു കുറ്റം ചെയ്ത് ജയിലിലെത്തുന്നവർ പോലും ജയിലിൽ നിന്നിറങ്ങുന്പോൾ കൊടും കുറ്റവാളികളായിത്തീരുന്ന അവസ്ഥയുണ്ട്. ജയിലിലെ അന്തേവാസികളുടെ ചികിത്സ, അവധി, പുനരധിവാസം, നിയമാനുസൃത കാലാവധിക്കു മുൻപുള്ള വിടുതൽ എന്നീ കാര്യങ്ങളിലെല്ലാം സർക്കാരിന്‍റെ ശ്രദ്ധയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.