പ്രശാന്ത് കിഷോറിനെ കണ്ടവരുണ്ടോ? കണ്ടെത്തിയാൽ കോൺഗ്രസുകാർ പാരിതോഷികം നൽകും
Monday, March 20, 2017 2:49 PM IST
ലക്നോ: തെരഞ്ഞെടുപ്പ് അലയൊലികൾ കെട്ടടങ്ങിയ ഉത്തർപ്രദേശിൽ പുതിയ പോസ്റ്ററുകളും ബാനറുകളും ഉയർന്നു തുടങ്ങി. യുപിയിലെ തോൽവിക്ക് വിശദീകരണം നൽകാൻ പാടുപെടുന്ന കോൺഗ്രസ് നേതൃത്വത്തെ കുത്തിപ്രവർത്തകർ തന്നെയാണ് പോസ്റ്ററുകൾ പതിച്ചത്. ഇത്തവണത്തെ യുപി തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് നേതൃത്വം കണ്ടുപിടിച്ച "ബുദ്ധികേന്ദ്രം' പ്രശാന്ത് കിഷോറിനെ കാൺമാനില്ലെന്നാണ് പോസ്റ്ററിൽ.

തന്ത്രങ്ങളെല്ലാം വട്ടപൂജ്യമായി മാറിയ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നതു മുതൽ ഇദ്ദേഹത്തെ കാൺമാനില്ലെന്നാണ് യുപിയിലെ ബല്ലിയ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇതേത്തുടർന്നാണ് പോസ്റ്ററും ബാനറുമൊക്കെ ഉയർന്നു തുടങ്ങിയതത്രെ. പ്രശാന്ത് കിഷോറിനെ കാൺമാനില്ലെന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്ററിൽ ഇയാളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസിനു ഗുണം ചെയുമെന്ന വിശ്വാസത്തിലാണ് നേതാക്കന്മാരുടെ വാക്കു കേട്ട് പ്രശാന്ത് കിഷോറിന്‍റെ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചതെന്നു യുപി കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാജേഷ് സിംഗ് പറഞ്ഞു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ് കോൺഗ്രസ് പച്ചതൊട്ടില്ല. ഇനി ഞങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും 'തന്ത്രജ്ഞന്‍റെ' മറുപടി വേണമെന്നും രാജേഷ് സിംഗ് പറഞ്ഞു. തോൽവി പിണഞ്ഞതു മുതൽ പ്രശാന്ത് കിഷോർ എവിടെയാണെന്ന് അറിയാത്തിനാലാണ് പോസ്റ്ററുകളും ബാനറുകളും പതിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

പുലിവാലു പിടിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വം ഒടുവിൽ, പോസ്റ്റർ അടിയന്തിരമായി നീക്കം ചെയ്യാൻ നിർദേശം നൽകി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബാബ്ബറാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
RELATED NEWS