ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ മൃതദേഹം ബിഎംഡബ്ല്യു കാറിലൊളിപ്പിച്ചു
Monday, March 20, 2017 3:24 AM IST
ചണ്ഡീഗഡ്: മൊഹാലിയിൽ 40 കാരനായ ഭർത്താവിനെ ഭാര്യയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. എകം സിംഗ് ധല്ലൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിക്കാൻ ശ്രമിക്കവേയാണ് ഇരുവരും അറസ്റ്റിലായത്. വെട്ടിമുറിച്ച ശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ബിഎംഡബ്ല്യു കാറിൽ ഒളിപ്പിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്.

അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. യുവതിക്കും സഹോദരനും പുറമേ യുവതിയുടെ അമ്മയ്ക്കും മറ്റ് രണ്ട് ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻകൂട്ടിതയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം.

മൃതദേഹം കാറിലേക്കെത്തിക്കുന്നതിന് ഇവർ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടിയിരുന്നു. സ്യൂട്ട്കെയ്സ് എടുക്കുന്നതിനിടെ കൈയിൽ രക്തം പുരണ്ടതിനെത്തുടർന്ന് സംശയം തോന്നിയ ഓട്ടോഡ്രൈവറാണ് സംഭവം പോലീസിൽ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.