പി.കൃഷ്ണദാസ് അറസ്റ്റിൽ
Monday, March 20, 2017 1:21 PM IST
തൃശൂർ: ജിഷ്ണു കേസിൽ മുൻകൂർ ജാമ്യം നേടിയ പി.കൃഷ്ണദാസിനെ പോലീസ് മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ലക്കിടി കോളജിലെ വിദ്യാർഥി ഷെഹീറിനെ മർദ്ദിച്ചവശനാക്കിയ കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പട്ടാന്പിക്കടുത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഉൾപ്രദേശമായ എരുമപ്പെട്ടി എന്ന സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് പുറമേ നാല് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃഷ്ണദാസിന്‍റെ നിയമോപദേശക സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരൻ, ഗോവിന്ദൻകുട്ടി, വത്സലകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലവരെയും ഇന്ന് വൈകിട്ട് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് തൃശൂർ റൂറൽ എസ്പി വിജയകുമാർ പറഞ്ഞു.

ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോളജിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരേ ഷെഹീർ എന്ന വിദ്യാർഥി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്നാം തീയതി കോളജിൽ എത്തിയ ഷെഹീറിന്‍റെ ഹാജർ രേഖപ്പെടുത്താതെ പ്രതികൾ പാന്പാടി നെഹ്റു കോളജിലുണ്ടായിരുന്ന ചെയർമാൻ കൃഷ്ണദാസിന്‍റെ അടുത്തേയ്ക്ക് കൊണ്ടുപോയി. ഇവിടെ വച്ച് കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചുവെന്നും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പോലീസ് കേസ്.

ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയകേസുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
RELATED NEWS