ബിജെപി- ബിഡിജെഎസ് ബന്ധം ഉലയുന്നു: തുഷാർ വെള്ളാപ്പള്ളി അമിത് ഷായെ കാണും
Monday, March 20, 2017 10:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി- ബിഡിജെഎസ് ബന്ധം ഉലയുന്നു. മലപ്പുറത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിലുടക്കിയാണ് ഇരുകൂട്ടരും തമ്മിലുള്ള പടലപിണക്കങ്ങൾ മറനീക്കി പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മലപ്പുറത്ത് ബിഡിജെഎസിനോട് ആലോചിക്കാതെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തി അമിത് ഷായെ അറിയിക്കുമെന്ന് തുഷാർ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്നങ്ങളും അമിത് ഷായെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

നേരത്തെ ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നും അതിനാൽ ആ സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് വിമർശനങ്ങളുമായി തുഷാറും രംഗത്തെത്തിയത്.
RELATED NEWS