വിജയം "റാഞ്ചാൻ' ടീം ഇന്ത്യ: 152 റൺസിന്‍റെ നിർണായക ലീഡ്
Sunday, March 19, 2017 3:12 PM IST
റാ​ഞ്ചി: ധോണിയുടെ നാട്ടിൽ വിജയക്കൊടി പാറിക്കാനൊരുങ്ങി കോഹ്‌ലിയുടെ ടീം ഇന്ത്യ. ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ​യും മി​ക​വി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 152 റൺസിന്‍റെ നിർണായക ലീ​ഡ്. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 603 റൺസിന് ഇന്നിംഗ്സ് അവസാനിപ്പിച്ചാണ് ക്യാപ്റ്റൻ കോഹ്‌ലി ഓസീസിനെ രണ്ടാംവട്ടം ബാറ്റിംഗിനയച്ചത്.

കോഹ്‌ലിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് വൈകാതെ തെളിയുകയും ചെയ്തു. നാലാംദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓസീസിന്‍റെ രണ്ട് ബാറ്റ്സ്മാൻമാർ കൂടാരത്തിൽ തിരിച്ചെത്തി. ഓപ്പണർ ഡേവിഡ് വാർണറും നൈറ്റ് വാച്ച്മാൻ നാഥൻ ലിയോണുമാണ് പുറത്തായത്. രവീന്ദ്ര ജഡേജയാണ് ഇരുവരെയും മടക്കിയത്. ഇതോടെ മത്സരത്തിലെ ജഡേജയുടെ ആകെ വിക്കറ്റ് നേട്ടം ഏഴായി.

നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും സെഞ്ചുറി നേടിയ വൃദ്ധിമാൻ സാഹയുടെയും മികവിലാണ് ഇന്ത്യ നിർണായക ലീഡ് നേടിയത്. പൂജാര 202 റൺസും സാഹ 117 റൺസും നേടി. ഇന്ത്യൻ ഇന്നിംഗ്സിന്‍റെ ഭാഗധേയം നിർണയിച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 199 റൺസാണ് നേടിയത്. പൂജാരയെ പുറത്താക്കി നാഥൻ ലിയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ ജഡേജ, പൂജാര നിർത്തിയിടത്തു നിന്ന് തുടങ്ങിയ പോലെയായിരുന്നു ഓസീസ് ബൗളർമാരെ നേരിട്ടത്. 54 രൺസ് നേടിയ ജഡേജ പുറത്താകാതെ നിന്നു. നേരത്തെ ഇന്ത്യക്കായി മുരളിവിജയ്‌യും ലോകേഷ് രാഹുലും അർധ സെഞ്ചുറി നേടിയിരുന്നു.നാലു ടെസ്റ്റുകളുള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് നിൽക്കുകയാണ്.