ലിബിയൻ സൈനിക വിമാനം തകർന്നു വീണു
Sunday, March 19, 2017 4:41 AM IST
ട്രിപ്പോളി: ലിബിയയുടെ സൈനിക വിമാനം, മിഗ്ഗ്21 ഫൈറ്റർ ജെറ്റ് തകർന്നു വീണു. രാജ്യത്തെ വടക്കുകിഴക്കൻ നഗരമായ ബെൻ‌ഘാസിയിലാണ് വിമാനം തകർന്നു വീണത്. ലിബിയൻ ദേശീയ സൈനിക വക്താവ് അഹമ്മദ് മിസ്മരിയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികളുടെ ആക്രമണത്തിലാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്‍റെ പൈലറ്റായിരുന്ന സൈനികൻ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങൾ. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഒരു മാസത്തോളമായി ജനറൽ ഖലീഫ ഹഫ്തറിന്‍റെ നേതൃത്വത്തിലുള്ള സൈന്യവും ബെൻഘാസിയിലെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ നടന്നുവരികയായിരുന്നു. ഇവിടുത്തെ സിദ്‌ർ, റാസ എന്നീ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഈ മാസമാദ്യം തീവ്രവാദികൾ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ശക്തമായത്. എന്നാൽ ചൊവ്വാഴ്ച, സ്ഥലത്തു നിന്ന് ഭീകരരെ സൈന്യം തുരത്തിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക വിമാനം തർന്നു വീണത്.