കൊടും ഭീകരരുടെ പട്ടിക പരസ്പരം കൈമാറാനൊരുങ്ങി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും
Sunday, March 19, 2017 4:15 AM IST
കാബൂൾ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹനീഫ് അത്‌മർ. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധിക്കുമെന്നും അത്‌മർ വ്യക്തമാക്കി.

സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൊടുംഭീകരരുടെ പട്ടിക പരസ്പരം കൈമാറുമെന്നും ഇതു സംബന്ധിച്ചുള്ള കൃത്യമായ നടപടികൾ ഇരു രാജ്യങ്ങളും കൈക്കൊള്ളണമെന്നും അത്‌മർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടപടികളും വിലയിരുത്തുന്നതിന് ആവശ്യമെങ്കിൽ ഒരു മൂന്നാം കക്ഷിയെ ചുമതലപ്പെടുത്താമെന്നും അത്‌മർ വ്യക്തമാക്കി.

ഇക്കാര്യങ്ങൾ സംബന്ധിച്ച് പ്രാഥമിക ഘട്ട ചർച്ചകൾ പൂർത്തിയായെന്നും എന്നാൽ ചിലകാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ അതിന് കാലതാമസമുണ്ടാകില്ലെന്നും രണ്ടു ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ തെളിയുമെന്നും ഹനീഫ് അത്‌മർ പ്രത്യാശ പ്രകടിപ്പിച്ചു.

അഫ്ഗാൻ സമാധാന ഉച്ചകോടി ഏപ്രിൽ 14 മുതൽ നടക്കുമെന്ന് അത്‌മർ നേരത്തെ അറിയിച്ചിരുന്നു. റഷ്യയുടേയും അമേരിക്കയുടേതുമുൾപ്പെടെ 12 രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.