കുഞ്ഞാലിക്കുട്ടി വിജയിച്ചാൽ വീണ്ടും ഉപതെരഞ്ഞെടുപ്പ്
Wednesday, March 15, 2017 4:56 AM IST
മലപ്പുറം: ഇ.അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയച്ചുകയറിയാൽ സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് കളമൊരുങ്ങും. നിലവിൽ വേങ്ങരയിൽ നിന്നുള്ള എംഎൽഎയാണ് കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വിജയിച്ചാൽ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരും. ഇതോടെ സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരുമെന്ന സ്ഥിതിയാകും.

ഏപ്രിൽ 12-നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് മുന്നണികളെ എല്ലാം പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. എൽഡിഎഫും എൻഡിഎയും ഇതുവരെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിട്ടില്ല. മാർച്ച് 24-നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

66-കാരനായ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ ലീഗിന്‍റെ ശക്തമായ മുഖങ്ങളിൽ ഒന്നാണ്. ഇ.അഹമ്മദിന്‍റെ അഭാവത്തിൽ ലീഗിനെ ദേശീയ തലത്തിൽ നയിക്കാൻ ശക്തനായ ഒരാൾ വേണമെന്ന പാർട്ടി നിലപാട് അനുസരിച്ചാണ് നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും ജനവിധി തേടുന്നത്.

ഐസ്ക്രീം പാർലർ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട ആരോപണവും കുറ്റിപ്പുറത്ത് 2006-ൽ കെ.ടി.ജലീലിനോട് ഏറ്റ തോൽവിയും മാത്രമാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ തിരിച്ചടിയായിട്ടുള്ളത്. 27-ാം വയസിൽ മലപ്പുറം നഗരസഭയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോൽക്കേണ്ടി വന്നിട്ടില്ല. ലീഗിന്‍റെ കേരളത്തിലെ മുഖമായി കുഞ്ഞാലിക്കുട്ടി വളരെ വേഗം വളരുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.