104 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചത് ഞെട്ടിച്ചെന്ന് യുഎസ്
Wednesday, March 1, 2017 7:52 PM IST
വാഷിംഗ്ടണ്‍: നൂറിൽ അധികം ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ വിജയകരമായി ബഹിരാകാശത്ത് എത്തിച്ച ഇന്ത്യൻ നടപടി ഞെട്ടിച്ചതായി യുഎസ്. ഡോണൾഡ് ട്രംപിന്‍റെ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാൻ കോട്ട്സാണ് വിക്ഷേപണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയത്. ഇത്തരം കാര്യങ്ങൾ പിന്നോട്ടുപോകുന്നത് യുഎസിന് ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു റോക്കറ്റ് ഉപയോഗിച്ച് നൂറിലധികം ഉപഗ്രങ്ങൾ വിജയകരമായി വിക്ഷേപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചതായുള്ള വാർത്ത അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത്തരം നേട്ടങ്ങളിൽ പിന്നിലായിപ്പോകുന്ന അവസ്ഥ യുഎസിന് ചിന്തിക്കാനാവില്ല. ഉപഗ്രഹങ്ങൾ വലിപ്പം കുറഞ്ഞതാണെങ്കിലും അത് വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞു എന്നത് വസ്തുതയാണ്- ഡാൻ കോട്സ് പറഞ്ഞു.

പിഎസ്എൽവി സി37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 15നാണ് ഐഎസ്ആർഒ 104 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്നായിരുന്നു വിക്ഷേപണം.