ജൂലിയൻ അസാഞ്ചിന്‍റെ എംബസി സുരക്ഷ റദ്ദാക്കിയേക്കും
Monday, February 27, 2017 11:20 AM IST
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്‍റെ എംബസി സുരക്ഷ ഇക്വഡോർ റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്വഡോറിന്‍റെ പുതിയ പ്രസിഡന്‍റ് ഇത്തരമൊരു തീരുമാനമെടുത്തേക്കുമെന്നാണ് അസാഞ്ചിന്‍റെ അഭിഭാഷകൻ നൽകുന്ന സൂചന. ഏപ്രിൽ രണ്ടിന് ഇക്വഡോറിന്‍റെ പുതിയ ഭരണാധികാരി ആരാണെന്ന് അറിയാം. ഭരണകക്ഷി സ്ഥാനാർഥിയായ ലെനിൻ മൊറീനോയും പ്രതിപക്ഷ സ്ഥാനാർഥി ഗുല്ലിറമോ ലാസോയും തമ്മിലാണ് പോരാട്ടം.

ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി മൊറീനോ അധികാരത്തിൽ വന്നാൽ അസാഞ്ചിന് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നൽകിയിരിക്കുന്ന അഭയം തുടരും. ഇക്കാര്യം അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വലതുപക്ഷ സ്ഥാനാർഥിയായ ലാസോ അധികാരത്തിൽ വന്നാൽ അസാഞ്ചിനെ എംബസിയിൽ നിന്നും പുറത്താക്കുമെന്ന് ഉറപ്പാണ്. തന്‍റെ പാർട്ടിക്ക് അധികാരം ലഭിച്ചാൽ 30 ദിവസത്തിനകം അസാഞ്ചിനെ ലണ്ടൻ എംബസിയിൽ നിന്നും പുറത്താക്കുമെന്ന് ലാസോ പ്രഖ്യാപിച്ചു.

ഇക്വഡോറിൽ വലതുപക്ഷ പാർട്ടി അധികാരത്തിൽ വന്നാൽ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അസാഞ്ചിന്‍റെ അഭിഭാഷക സംഘത്തിലെ അംഗം ജെന്നിഫർ റോബിൻസണ്‍ പറഞ്ഞു. സർക്കാർ മാറിയാലും അസാഞ്ചിന് നൽകുന്ന സംരക്ഷണം മാറ്റേണ്ട സാഹചര്യമില്ലെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു.

സ്വീഡനിൽ രജിസ്റ്റർ ചെയ്ത മാനഭംഗക്കേസിൽ അറസ്റ്റ് ഭയന്ന് 2012-ലാണ് അസാഞ്ച് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. അമേരിക്കൻ നയതന്ത്ര രഹസ്യങ്ങൾ ചോർത്തി വാർത്തകളിൽ ഇടം നേടിയ അസാഞ്ചിനെ സ്വീഡൻ അറസ്റ്റ് ചെയ്താൻ അമേരിക്കയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് അദ്ദേഹം എംബസിയിൽ അഭയം പ്രാപിച്ചത്.