കിവീസിനെ താഹിർ കറക്കി വീഴ്ത്തി
Friday, February 17, 2017 4:19 AM IST
ഓക്‌ലൻഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി-20 പരന്പരയിലെ ഏക മത്സരത്തിൽ ന്യൂസിലൻഡിന് ദയനീയ തോൽവി. 78 റണ്‍സിനാണ് കിവീസ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 185 റണ്‍സ് നേടി. കിവീസിന്‍റെ മറുപടി 14.5 ഓവറിൽ 107 റണ്‍സിൽ അവസാനിച്ചു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ താഹിറാണ് കിവീസിനെ തൂത്തെറിഞ്ഞത്. 24 റണ്‍സ് മാത്രം വഴങ്ങിയായിരുന്ന താഹിറിന്‍റെ നേട്ടം. ട്വന്‍റി-20യിൽ വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാനും താഹിറിന് കഴിഞ്ഞു. 31 മത്സരങ്ങളിൽ നിന്നാണ് താഹിറിന്‍റെ നേട്ടം. 26 മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റ് നേടിയ അജന്ത മെൻഡിസാണ് പട്ടികയിൽ ഒന്നാമത്.

33 റണ്‍സ് നേടിയ ടോം ബ്രൂസാണ് കിവീസ് ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. ടിം സൗത്തി (20), കോളിൻ ഡി ഗ്രാൻഡ്ഹോം (15), കെയ്ൻ വില്യംസണ്‍ (13) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞൂള്ളൂ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹാഷിം ആംലയുടെ അർധ സെഞ്ചുറിയുടെ സഹായത്തോടെയാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. ആംല 62 റണ്‍സ് നേടി. 43 പന്തിൽ ഒൻപത് ഫോറുകളും ഒരു സിക്സും അടങ്ങിയതായിരുന്നു ആംലയുടെ ഇന്നിംഗ്സ്. ഫാഫ് ഡുപ്ലസിസ് (36), ജെ.പി.ഡുമ്മിനി (29), എ.ബി.ഡിവില്ലിയേഴ്സ് (26) എന്നിവരും തിളങ്ങി. കിവീസിന് വേണ്ടി ട്രന്‍റ് ബോൾട്ടും ഗ്രാൻഡ്ഹോമും രണ്ടു വീതം വിക്കറ്റുകൾ നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.