ജിഷ്ണുവിന്‍റെ മരണം: സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം
Friday, February 17, 2017 9:28 AM IST
തൃശൂർ: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങി. ഇതിനായി പോലീസ് സംഘം ഫോറൻസിക് ലാബിനെ സമീപിച്ചു. ജിഷ്ണുവിനെ ക്ലാസ് മുറിയിൽ മർദിച്ചെന്നാണ് പോലീസ് വിലയിരുത്തൽ. ക്ലാസ് മുറിയിൽനിന്ന് രക്തക്കറ പോലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ, ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. വൈസ് പ്രിൻസിപ്പൽ, പിആർഒ, അധ്യാപകൻ സി.പി. പ്രവീണ്‍, പരീക്ഷാ ജീവനക്കാരൻ ദിപിൻ എന്നിവരാണ് മറ്റ് പ്രതികൾ. പ്രേരണക്കുറ്റം, മർദനം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ, വ്യാജ ഒപ്പിടൽ എന്നീ എട്ട് വകുപ്പുകൾ ചേർത്താണ് അഞ്ച് പേർക്കെതിരെ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.