ന്യൂസിലന്‍ഡില്‍ കാട്ടുതീ പടരുന്നു; അന്വേഷണം നടത്തുമെന്നു പ്രധാനമന്ത്രി
Thursday, February 16, 2017 5:45 PM IST
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ കാട്ടുതീ പടരുന്നു. ക്രൈസ്റ്റ്ചര്‍ച്ചിലെ പോര്‍ട്ട് ഹില്‍സ് ജില്ലയിലാണ് തീപിടുത്തമുണ്ടായത്. എതാനും ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ 18,000 ഹെക്ടര്‍ പ്രദേശമാണ് കത്തിനശിച്ചത്. തീപിടുത്തമൂലം ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വ്യാഴാഴ്ച ഒരു പൈലറ്റ് മരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നു പ്രദേശത്തുനിന്നു ആയിരക്കണക്കിനു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വീടുകളാണ് അഗ്നിക്കിരയായത്. സംഭവത്തെ തുടര്‍ന്നു സൗത്ത് ഐലന്‍ഡ് സിറ്റിയില്‍ ബുധനാഴ്ച പ്രധാനമന്ത്രി ബില്‍ ഇംഗ്ലിഷ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ക്രൈസ്റ്റ്ചര്‍ച്ചിലെ സ്ഥിതിഗതികള്‍ അതിവഗുരുതരമാണെന്നു സിവില്‍ ഡിഫന്‍സ് കണ്‍ട്രോളര്‍ ഡേവിഡ് അഡ്മ്‌സണ്‍ പറഞ്ഞു. അഗ്നിശമന സേനയ്ക്കും രക്ഷാപ്രവര്‍ത്തര്‍ക്കും വേണ്ട സഹായങ്ങള്‍ സൈനികര്‍ നല്‍കുന്നുണ്ടെന്നും അദേഹം അറിയിച്ചു. പ്രദേശത്തെ അന്തരീക്ഷതാപം കുറഞ്ഞതും കാറ്റിന്‍റെ ദിശയിലുണ്ടായ മാറ്റവും തീയുടെ ശക്തി കുറയാനിടയായിടുണ്ടെന്നു അഗ്നിശമന സേന അറിയിച്ചു.

തീ നിയന്ത്രണവിധേയമാണ്. ഒരേ സമയത്ത് രണ്ട് തീപിടുത്തങ്ങള്‍ ഉണ്ടായത് സംശയങ്ങള്‍ക്കു ഇടയാക്കുന്നുവെന്നും അതിനാല്‍ സംഭവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.