സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ജൂലിയൻ അസാൻജ്
Monday, February 6, 2017 5:20 AM IST
ലണ്ടൻ: തന്‍റെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് യുകെ, സ്വീഡിഷ് അധികൃതരെ സമീപിച്ചു. നാലു വർഷത്തിലേറെയായി ലണ്ടനിലെ ഇക്വഡോർ എംബിസിയിൽ താമസിക്കുന്ന അസാൻജ് യുഎസ് വധിക്കുമെന്ന ഭീതിയിലാണ് സ്വാതന്ത്ര്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പോലീസിനെ പേടിച്ച് 2012മുതൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അസാൻജ് അഭയം തേടിയിരിക്കുകയാണ്. പുറത്തിറങ്ങിയാൽ സ്കോട്ലൻഡ് യാർഡ് പിടികൂടും. ലൈംഗികാരോപണക്കേസിൽ വിചാരണയ്ക്കായി അസാൻജിനെ സ്വീഡനു കൈമാറാൻ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. സ്വീഡനിലെത്തിയാൽ സ്വീഡൻ തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നാണ് അസാൻജിന്‍റെ ഭീതി. അമേരിക്കയ്ക്ക് ഹാനികരമായ നിരവധി രേഖകൾ വിക്കിലീക്സ് ചോർത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനകം മൊത്തം ഒരുകോടി രേഖകൾ വിക്കിലീക്സ് ചോർത്തിയിട്ടുണ്ടെന്നാണു കണക്ക്.