എഴുത്തുനിർത്തുന്നു, വിവാദപുസ്തകം കത്തിക്കും: കമൽ സി ചവറ
Thursday, January 12, 2017 7:43 AM IST
കോഴിക്കോട്: ഫേസ്ബുക്കിലൂടെ ദേശീയഗാനത്തെ അപമാനിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരൻ കമൽ സി.ചവറ എഴുത്തുനിർത്തുന്നു. പോലീസ് അറസ്റ്റ് ചെയ്തതിനുശേഷം അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണെന്നും, ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ വീട്ടിൽ കയറിയിറങ്ങുകയാണെന്നും കമൽ സി ആരോപിക്കുന്നു. ഇക്കാരണത്താൽ ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവൽ പിൻവലിക്കുകയാണെന്നും തന്റെ എല്ലാ പുസ്തകങ്ങളും പൊതുജനത്തിന് മുന്നിൽവച്ച് കത്തിക്കുമെന്നും കമൽ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് കമൽ സി ഇക്കാര്യങ്ങൾ അറിയിച്ചത്.

കമൽ സി ചവറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

ഞാൻ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഹിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്‌ഥയാണ്. ജനിച്ച അന്നുമുതൽ അവർക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. എന്റെ രാജ്യദ്രോഹകുറ്റം ഇതു വരെയും പിൻവലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു, കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപിയും ഭരണനേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസിൽ പോലീസെടുത്ത നിലപാട് കണ്ടതാണ്.

ഈ ദിവസം വരെയും എന്റെ വീട്ടിൽ ഇന്റലിജൻസ് കയറി ഇറങ്ങുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്നുകളയും എന്ന നിലയിൽ ഫോൺ കോളുകൾ വരൂന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റർ, ഏതോ അധ്യായത്തിലെ ഒരു ഭാഗം, ഒരു ഇറങ്ങാൻ പോകുന്ന നോവലിലെ ഫെയ്സുബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശവിരുദ്ധതയുടെ പേരിൽ കേസിപ്പോഴും നിലനില്ക്കുന്നു.

അതുകൊണ്ട് ശ്മശാനങ്ങളുടെ നോട്ടുപുസ്തകം ഗ്രീൻ ബുക്സിനോട് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റെന്നാൾ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നിൽവച്ച് കത്തിക്കൂകയാണ്. എഴുത്തുകാരനാവണ്ട എനിക്ക്. മറ്റെന്നാൽ വൈകിട്ട് നാലുമണിക്ക് കിഡ്സൻ കോർണറിൽ വച്ചാവും ഞാനത് ചെയ്യുക. ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.