രണ്ടാം പരിശീലനം ജയിച്ച് ഇന്ത്യ
Thursday, January 12, 2017 5:52 PM IST
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള രണ്ടാം പരിശീലന മത്സരത്തിൽ ഇന്ത്യ എയ്ക്ക് ജയം. അജിങ്ക്യ രാഹനെയുടെ കീഴിലിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.5 ഓവറിൽ 282 റൺസിന് പുറത്തായി. 39.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റൻ രഹാനെ (91), ഷെൽഡൺ ജാക്സൺ (59), റിഷാബ് പന്ത് (59), സുരേഷ് റെയ്ന (45) എന്നിവരെല്ലാം ഇന്ത്യൻ നിരയിൽ തിളങ്ങി. 83 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്സും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്. ജാക്സൺ–രഹാനെ സഖ്യം ഒന്നാം വിക്കറ്റിൽ 119 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ജോണി ബെയിർസ്റ്റോ (64), അലക്സ് ഹെയ്ൽസ് (51) എന്നിവർ അർധ സെഞ്ചുറി നേടി. എന്നാൽ മധ്യനിര തകർന്നതോടെ ഇംഗ്ലണ്ട് 211/9 എന്ന നിലയിൽ തകർന്നു. അവസാന വിക്കറ്റിൽ ആദിൽ റഷീദ് (39), ഡേവിഡ് വില്ലി (പുറത്താകാതെ 38) എന്നിവർ നടത്തിയ പോരാട്ടമാണ് ഇംഗ്ലീഷ് സ്കോർ 282–ൽ എത്തിച്ചത്. ഇരുവരും ചേർന്ന് 71 റൺസ് സ്കോർ ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി പർവേസ് റസൂൽ മൂന്നും പ്രദീപ് സാങ്വാൻ, അശോക് ദിൻഡ, ഷഹബാസ് നദീം എന്നിവർ രണ്ടു വീതം വിക്കറ്റകളും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.