സൈന്യത്തിൽ വിവേചനമുണ്ട്; പ്രതിഷേധവുമായി മറ്റൊരു ജവാനും രംഗത്ത്
Thursday, January 12, 2017 7:04 AM IST
ന്യൂഡൽഹി: സൈന്യത്തിൽ വിവേചനമുണ്ടെന്ന ആരോപണവുമായി സിആർപിഎഫ് ജവാൻ രംഗത്ത്. പട്ടാളക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അർധസൈനികർ വലിയ വിവേചനങ്ങൾ നേരിടുന്നുവെന്നാണ് സിആർപിഎഫ് ജവാൻ ജീത്ത് സിംഗ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ആരോപിക്കുന്നത്. നേരത്തെ, തങ്ങൾക്ക് നിലവാരം കുറഞ്ഞ ഭക്ഷമാണ് നൽകുന്നതെന്ന ആരോപണവുമായി ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് രംഗത്തെത്തിയിരുന്നു.

സിആർപിഎഫിന്റെ സേവനങ്ങൾ ലഭിക്കാത്ത സ്‌ഥലങ്ങളില്ല. ലോക്സഭാ–രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും എന്തിന് ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും വിഐപി സുരക്ഷയ്ക്കും പാർലമെന്റ്, എയർപോർട്ടുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ... ഒരിടത്തും സിആർപിഎഫിന്റെ സഹായ ഹസ്തങ്ങൾ എത്താത്തതായില്ല. എന്നാൽ പട്ടാളക്കാർക്കും സമാന്തര സൈനിക വിഭാഗത്തിനും ലഭിക്കുന്ന സൗകര്യങ്ങളും ശമ്പളവും സിആർപിഎഫ് സൈനികരുമായി താരതമ്യം ചെയ്യുമ്പോൾ ആരെയും അത്ഭുതപ്പെടുത്തും– ജീത്ത് സിംഗ് വീഡിയോയിൽ പറയുന്നു.

സൈന്യത്തിന് പെൻഷൻ ലഭിക്കുമ്പോൾ തങ്ങൾക്കു പെൻഷൻ പോലുമില്ലെന്നും ജോലിയിൽനിന്ന് വിരമിക്കുമ്പോൾ തങ്ങളെന്തുചെയ്യുമെന്നും ജീത്ത് സിംഗ് വീഡിയോയിൽ ചോദ്യമുന്നയിക്കുന്നു. രാജസ്‌ഥാനിലെ ജയ്പൂരിൽനിന്ന് 500 കിലോമീറ്റർ അകലെ മൗണ്ട് അബുവിലുള്ള സിആർപിഎഫിന്റെ ഇന്റേണൽ സെക്യൂരിറ്റി അക്കാദമിയിൽനിന്നാണ് ജവാൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് മാസം പോസ്റ്റ് ചെയ്ത വീഡിയോ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിന്റെ വെളിപ്പെടുത്തലോടെയാണ് മാധ്യമശ്രദ്ധ നേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.