ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: മൂന്നംഗ സമിതിക്ക് കേന്ദ്രസർക്കാർ രൂപം നൽകി
Thursday, January 12, 2017 4:25 PM IST
ന്യൂഡൽഹി: ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി മൂന്നംഗ നിരീക്ഷണ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. വിദേശ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി അമർ സിൻഹയാണ് സമിതി അധ്യക്ഷൻ. ഫാ. ടോമിനെ മോചിപ്പിക്കാനുള്ള ക്രൈസ്തവ സഭകളുടെ ശ്രമഫലമായാണ് നടപടി.

തന്റെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണെന്നും ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു ഫാ.ടോം ഉഴുന്നാലിലിന്റേതായി ഡിസംബറിൽ വീഡിയോ പുറത്തുവന്നിരുന്നു. യൂട്യൂബിൽ സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ആരാണെന്നോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്നോ വ്യക്‌തമായിരുന്നില്ല.

2015 മാർച്ച് നാലിനു യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വയോജന പരിപാലന കേന്ദ്രത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു സന്യാസിനികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഇവിടെ വച്ചാണ് ഫാ.ടോമിനെ ബന്ദിയാക്കിയത്. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത് അൽക്വയ്ദ ആണെന്ന് റിപ്പോർട്ട് വന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്‌തതയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.