എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്ക്; നിർമാതാക്കളുടെ പിന്തുണയോടെ പുതിയ സംഘടന
Thursday, January 12, 2017 5:48 AM IST
കൊച്ചി: സമരത്തിലുള്ള എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കളും വിതരണക്കാരും തീരുമാനിച്ചതിന് പിന്നാലെ എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർപ്പിലേക്ക്. വിജയ് ചിത്രം ‘ഭൈരവ’ ഇന്ന് 200 ഓളം തീയറ്ററുകൾ പ്രദർശനത്തിന് എത്തിയതിന് പിന്നാലെയാണ് എക്സിബിറ്റേഴ്സ് ഫെഡറേഷനിൽ അസ്വാരസ്യങ്ങൾ ഉണ്ടായത്. ഫെഡറേഷനിലെ ഏഴ് തീയറ്ററുകളിൽ ഇന്ന് ചിത്രം റിലീസ് ചെയ്തു. അടുത്ത ദിവസം കുറച്ചു തീയറ്ററുകളിൽ കൂടി റിലീസ് ഉണ്ടാവുമെന്നാണ് വിതരണക്കാരും നിർമാതാക്കളും അവകാശപ്പെടുന്നത്.

അതിനിടെ എക്സിബിറ്റേഴ്സ് ഫെഡറേഷൻ വിട്ടുവരുന്ന അംഗളെയും മാളുകളെയും ബി, സി ക്ലാസ് തീയറ്ററുടമകളെയും ഉൾപ്പെടുത്തി പുതിയ സംഘടന രൂപീകരിക്കാനും നിർമാതാക്കൾ ചരടുവലി തുടങ്ങിയിട്ടുണ്ട്. ഭൈരവ ഇന്ന് റിലീസ് ചെയ്ത ഏഴ് തീയറ്ററുകൾക്ക് പുറമേ എ ക്ലാസ് തീയറ്റർ ഉടമകളുടെ അസോസിയേഷനിൽ നിന്നും 30 ഓളം പേർ കൂടി പുതിയ സംഘടനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ തന്നെ പുതിയ സംഘടനയുടെ പ്രഖ്യാപനം നടക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

സിനിമ സമരം വിജയിച്ചുവെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷനും പരാജയപ്പെട്ടന്ന് നിർമാതാക്കളും വിതരണക്കാരും അവകാശപ്പെടുന്നുണ്ട്. അടുത്തയാഴ്ച മുതൽ റിലീസ് മുടങ്ങിയ ഓരോ ചിത്രങ്ങൾ തീയറ്ററിൽ എത്തിക്കാനാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും പരിപാടി. ഇതോടെ കൂടുതൽ എ ക്ലാസ് തീയറ്ററുടമകൾ സമരത്തിൽ നിന്നും പിന്മാറുമെന്നും അതുവഴി സംഘടനയിൽ കൂടുതൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.

അതിനിടെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ സമരത്തോട് മൗനം പാലിക്കുന്നതിനെ നിർമാതാക്കളുടെ സംഘടന വിമർശിച്ചു. അവർ ഇതിനെതിരേ ഒന്നും മിണ്ടാത്തത് ഖേദകരമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാർ പറഞ്ഞു. മമ്മൂട്ടിയെ കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ നേരിൽ കണ്ടെന്നും എന്നാൽ അദ്ദേഹം സമരത്തെക്കുറിച്ച് ഒന്നും ചോദിച്ച് പോലുമില്ലെന്നും സുരേഷ്കുമാർ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.