ജെല്ലിക്കെട്ട് നിരോധനം തുടരും; സുപ്രീം കോടതി ഹർജി തള്ളി
Thursday, January 12, 2017 12:32 PM IST
ന്യൂഡൽഹി: തമിഴ്നാട്ടിൽ പൊങ്കലിനു ജെല്ലിക്കെട്ടിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജെല്ലിക്കെട്ടു നിരോധനം പിൻവലിക്കുന്ന ഉത്തരവ് ശനിയാഴ്ചയ്ക്ക് മുമ്പ് പുറപ്പെടുവിക്കണമെന്നാണ് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ബെഞ്ചിനോടു വിധി നടപ്പാക്കാൻ ആവശ്യപ്പെടുന്നതു ന്യായരഹിതമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.

അതേസമയം, കോടതിയുടെ തീരുമാനം മാറ്റാൻ അഭ്യർഥിക്കുന്നതായും തമിഴ്നാട്ടിലെ ഏതൊരാളും ഈ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എഐഎഡിഎംകെ വക്‌താവ് സി.ആർ. സരസ്വതി പ്രതികരിച്ചു. ഇതിനിടെ നിരോധനം മറികടക്കാൻ തമിഴ്നാട് സർക്കാർ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.

2014 മേയിൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ജെല്ലിക്കെട്ട് ഉത്സവങ്ങൾക്കോ കാളവണ്ടി ഓട്ട മത്സരങ്ങൾക്കോ കാലികളെ ഉപയോഗിക്കരുതെന്നായിരുന്ന സുപ്രീം കോടതിയുടെ ഉത്തരവ്.