ബിപിസിഎല്ലിലെ പൊട്ടിത്തെറി: മരണം രണ്ടായി
Thursday, January 12, 2017 11:02 AM IST
കൊച്ചി: കിഴക്കമ്പലം അമ്പലമുകൾ ബിപിസിഎല്ലിൽ പവർപ്ലാന്റ് പൊട്ടിത്തെറിച്ചു ഗുരുതരമായി പൊള്ളലേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ബിപിസിഎല്ലിലെ കരാർ തൊഴിലാളി ആരക്കുന്നം എടക്കാട്ടു വയൽ പഞ്ചായത്ത് ചെത്തിക്കോട് കോരക്കുഴി വീട്ടിൽ കെ.ഡി. വേലായുധനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പുലർച്ചെ 5.50 ഓടെയായിരുന്നു മരണം.

തീപിടുത്തത്തിൽ വേലായുധന് പൂർണമായും പൊള്ളലേറ്റിരുന്നു. അമ്പലമേട് പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ സബ് ഡിവിഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സാക്ഷികളോടുത്തുള്ള തെളിവെടുപ്പിനു ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്ന് എസ്ഐ ആർ.മധു പറഞ്ഞു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: സുകുത, മക്കൾ: വിഷ്ണു, ആതിര. സംഭവ ദിവസം ഗുരുതര പൊള്ളലേറ്റ പുത്തൻകുരിശ് വടയമ്പാടി പാല പ്ര അരുൺ പി. ഭാസ്ക്കർ (26) മരിച്ചിരുന്നു.

അപകടത്തേക്കുറിച്ചുള്ള ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്കു സമർപ്പിക്കുമെന്നാണ് സൂചന. ഇത് സംബസിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുത്തൻകുരിശ് വില്ലേജ് ഓഫീസർ ബിന്ദു ജില്ലാ കളക്ടർക്കും തഹസിൽദാർക്കും കൈമാറിയിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ യന്ത്രത്തിലേക്ക് തീ അനിയന്ത്രിതമായി പ്രവേശിച്ചതാണ് പൊട്ടിത്തെറിക്കു കാരണമായി റിപ്പോർട്ടിലുള്ളത്.