സ്‌ഥാനത്ത് തുടരണോ എന്ന് സർക്കാരിനോട് പോൾ ആന്റണി
Wednesday, January 11, 2017 9:58 PM IST
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതിചേർക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി താൻ സ്‌ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യം വ്യക്‌തമാക്കണമെന്ന് ആരാഞ്ഞ് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന് കത്ത് നൽകി. ചൊവ്വാഴ്ചയാണ് അദ്ദേഹം കത്ത് നൽകിയത്. ഇ.പി.ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിൽ പോൾ ആന്റണി മൂന്നാം പ്രതിയായിരുന്നു.

തന്നെ പ്രതിയാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എഫ്ഐആറിന്റെ കോപ്പി തനിക്ക് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. പ്രതി ചേർക്കപ്പെട്ടതിനാൽ വ്യവസായ സെക്രട്ടറി സ്‌ഥാനത്തു തുടരുന്നതു ധാർമികമായി ശരിയല്ലെന്നും താൻ തുടരണമോയെന്നു സർക്കാരാണു തീരുമാനിക്കേണ്ടതെന്നുമാണ് പോൾ ആന്റണി കത്തിൽ സൂചിപ്പിക്കുന്നത്.

കത്ത് ചീഫ് സെക്രട്ടറി വ്യവസായ മന്ത്രി എ.സി.മൊയ്തീനു കൈമാറി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലാണ് കത്തിൽ ഇനി നിർണായകമാവുക.

അതേസമയം പോൾ ആന്റണിയെ വ്യവസായ വകുപ്പ് സെക്രട്ടറി സ്‌ഥാനത്തു നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി തുടങ്ങിയതായും സൂചനകളുണ്ട്. പൊതുമേഖലാ സ്‌ഥാപനത്തിന്റെ എംഡിയായി ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാരെ നിയമിച്ചതിനെത്തുടർന്നുണ്ടായ വിവാദമാണ് ജയരാജന്റെ മന്ത്രിസ്‌ഥാനം തെറിപ്പിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.