പീഡനവിവരങ്ങൾ പരസ്യമാക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ട് ബിഹാർ എംഎൽഎ
Wednesday, January 11, 2017 7:28 PM IST
പാറ്റ്ന: പെൺകുട്ടിയോട് പരസ്യമായി പീഡനവിവരങ്ങൾ ആരാഞ്ഞ ബിഹാർ എംഎൽഎയുടെ നടപടി വിവാദത്തിൽ. രാഷ്ട്രീയ ലോക് സമതാ പാർട്ടി എംഎൽഎ ലാലൻ പസ്വാനാണ് മാനഭംഗം സംബന്ധിച്ച കാര്യങ്ങൾ വിവരിക്കാൻ ആവശ്യപ്പെട്ടത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ഹാജിപൂരിലെ ഹോസ്റ്റലിൽ പെൺകുട്ടിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയിരുന്നു. സ്കൂൾ ഹോസ്റ്റൽ ഗേറ്റിനുമുന്നിൽ രക്‌തത്തിൽ കുളിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഇതിനെതിരെ പ്രദേശ വാസികൾ ശക്‌തമായ പ്രതിഷേധം നടത്തി. സംഭവത്തെകുറിച്ച് അന്വേഷിക്കുന്നതിനായി ഹോസ്റ്റലിൽ എത്തിയപ്പോഴാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കൂട്ടുകാരിയോട് ലാലൻ പാസ്വാൻ ചോദ്യങ്ങൾ ഉന്നയിച്ചത്. മൃതദേഹത്തിന്റെ എവിടെ നിന്നാണ് രക്‌തം വന്നത്?, നാളെ നിനക്കാണ് ഇത്തരം അവസ്‌ഥ വന്നതെങ്കിൽ അത് നീ എങ്ങനെ മറ്റുള്ളവരെ അറിയിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് പെൺകുട്ടിയുടെ കൂട്ടുകാരിയോട് എംഎൽഎ ചോദിച്ചത്.സംഭവം വിവാദമായതോടെ എംഎൽഎ വിശദീകരണവുമായി രംഗത്തെത്തി. ജനപ്രതിനിധിയെന്ന നിലയിൽ പ്രസക്‌തമായ ചോദ്യങ്ങൾ മാത്രമേ ചോദിച്ചുള്ളൂവെന്നും ഇതിൽ മാപ്പു പറയേണ്ടതില്ലെന്നും എംഎൽഎ വിശദീകരിച്ചു.