പഞ്ചാബിന്റെ മുഖ്യമന്ത്രി പഞ്ചാബിൽനിന്നു തന്നെ: കേജരിവാൾ
Wednesday, January 11, 2017 8:18 AM IST
ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. എഎപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നുണ്ടെങ്കിൽ അത് പഞ്ചാബിൽനിന്നു തന്നെയാകുമെന്നും അദ്ദേഹം ഒരു പ്രാദേശിക എംഎൽഎ ആയിരിക്കുമെന്നും കേജരിവാൾ ഉറപ്പുനൽകി. ടൈംസ ഓഫ്് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് കേജരിവാൾ അഭ്യൂഹങ്ങൾ തള്ളിയത്.

പഞ്ചാബ് മുഖ്യമന്ത്രി പാക്കിസ്‌ഥാനിൽനിന്നോ ലണ്ടനിൽനിന്നോ ഫ്രാൻസിൽനിന്നോ ആയിരിക്കില്ല. അദ്ദേഹം ഈ സംസ്‌ഥാനത്തുനിന്നു തന്നെയായിരിക്കും. ഞാൻ ഡൽഹി മുഖ്യമന്ത്രിയാണ്. ഡൽഹിയിലെ ജനങ്ങൾ എനിക്ക് ഉത്തരവാദിത്തം നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ എനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയാകാൻ കഴിയില്ല– കേജരിവാൾ പറഞ്ഞു.

നേരത്തെ, അരവിന്ദ് കേജരിവാൾ പഞ്ചാബിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്നുള്ള അഭ്യൂഹത്തിന് ഡൽഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയാണ് വഴിമരുന്നിട്ടത്. ’ആം ആദ്മിക്ക് വോട്ടു ചെയ്യുന്നവർ ചിന്തിക്കുക, നിങ്ങൾ വോട്ട് ചെയ്യുന്നത് കേജരിവാളിനാണ്’ എന്ന സിസോദിയയുടെ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. മൊഹാലിയിൽനടന്ന പൊതുപരിപാടിയിലാണ് സിസോദിയ ഇക്കാര്യം പറഞ്ഞത്.

തൊട്ടുപിന്നാലെ, സിസോദിയയുടെ വാക്കുകളിൽ വ്യക്‌തത വരുത്തി എഎപി വക്‌താവ് രംഗത്തെത്തിയിരുന്നു. പഞ്ചാബിൽ എഎപി വിജയിച്ചാലും കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും പഞ്ചാബ് തെരഞ്ഞെടുപ്പിൽ കേജരിവാൾ പാർട്ടിയുടെ മുഖമായിരിക്കുമെന്നും എഎപി നേതാവ് അതിഷി മാർലിന പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.