മോദിക്ക് ആശ്വാസം; സഹാറ–ബിർള രേഖകളിൽ ഹർജി തള്ളി
Wednesday, January 11, 2017 7:57 AM IST
ന്യൂഡൽഹി: സഹാറ–ബിർള ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. സഹാറ, ബിർള ഗ്രൂപ്പുകളിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്‌ഥാനത്തിൽ മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഇത്തരം രേഖകൾ ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആർക്കും വ്യാജമായി നിർമിച്ചെടുക്കാൻ പറ്റുന്നതാണ്. ഈ രേഖകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടാൽ ഭരണപ്രവർത്തനങ്ങൾ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. ഇത് ജനാധിപത്യത്തിന്റെ സുരക്ഷയ്ക്കും വിഘാതമാകും– സുപ്രീം കോടതി നിരീക്ഷിച്ചു.

വിവിധ രാഷ്ര്‌ടീയ പാർട്ടിയിലെ നേതാക്കന്മാർ സഹാറ, ബിർള എന്നീ കമ്പനികളിൽനിന്നു കോടികൾ പാരിതോഷികമായി വാങ്ങിയിട്ടുണ്ടെന്ന രേഖകളാണ് ഹർജിക്ക് ആധാരമായി സമർപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ടെന്നാണ് ആക്ഷേപം. 2013, 2014 വർഷങ്ങളിൽ സഹാറയിലും ബിർളയിലും നടന്ന റെയ്ഡുകളിൽ ഇതിന്റെ തെളിവുകൾ കണ്ടെത്തിയെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും കോമൺ കോസ് എന്ന സംഘടനയാണ് ആവശ്യപ്പെട്ടത്.

നേരത്തെ, കേസ് പരിഗണിക്കുന്നതിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.എസ്.ഖെഹാർ പിന്മാറിയിരുന്നു. കേസ് പരിഗണനയ്ക്കു വരുന്നതിനു തൊട്ടുമുൻപായിരുന്നു ചീഫ് ജസ്റ്റീസിന്റെ പിന്മാറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.