രാഹുൽ പാർട് ടൈം രാഷ്ട്രീയക്കാരൻ; അദ്ദേഹം അവധി ആഘോഷിക്കുന്നു: ബിജെപി
Wednesday, January 11, 2017 5:22 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. രാഹുൽ പാർട് ടൈം രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം ഇപ്പോൾ അവധി ആഘോഷിക്കുകയാണെന്നും ബിജെപി പരിഹസിച്ചു. റോമ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചുകൊണ്ടിരുന്ന നീറോ ചക്രവർത്തിയെപ്പോലെയാണ് രാഹുൽ. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം യഥാർഥത്തിൽ ബോധവാനായിരുന്നെങ്കിൽ പുതുവർഷം ആഘോഷിക്കാൻ വിദേശത്തേയ്ക്ക് പറക്കുമായിരുന്നോ എന്നും ബിജെപി ചോദിക്കുന്നു.

പുതുവർഷ ആഘോഷത്തിന് ശേഷം മടങ്ങിയെത്തിയ രാഹുൽ രാവിലെ കോൺഗ്രസിന്റെ പ്രതിഷേധ റാലിയിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് നടക്കാത്തതൊക്കെ രണ്ടര വർഷം കൊണ്ട് മോദി തിരിച്ചുകൊണ്ടുവന്നുവെന്നും റിസർവ് ബാങ്ക്, ജുഡീഷ്യറി തുടങ്ങിയ രാജ്യത്തിന്റെ എല്ലാ സ്‌ഥാപനങ്ങളും മോദിയും ആർഎസ്എസും ചേർന്ന് ദുർബലമാക്കിയെന്നും രാഹുൽ വിമർശിച്ചിരുന്നു. ജനങ്ങൾക്ക് ‘അച്ഛാദിൻ’ ലഭിക്കണമെങ്കിൽ 2019–ൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും രാഹുൽ വ്യക്‌തമാക്കിയിരുന്നു.