തളിപ്പറമ്പിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
Tuesday, January 10, 2017 11:53 PM IST
തളിപ്പറമ്പ്: ബിജെപി പ്രവർത്തകന്റെ വീടിനു നേരേ ആക്രമണം. വീട്ടുമുറ്റത്ത് നിർത്തിയിട്ട ടിപ്പർ ലോറിയുടെ ചില്ലുകളും എറിഞ്ഞു തകർത്തു. കണ്ണപ്പിലാവിലെ ടിപ്പർ ലോറി ഡ്രൈവർ തൈവളപ്പിൽ സതീശന്റെ വീടിനു നേരേയാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

ഇന്നു പുലർച്ചെ ഒന്നോടെയാണ് ബൈക്കിലെത്തിയ സംഘം വീടിനു നേരേ കല്ലെറിഞ്ഞത്. അഞ്ച് ജനൽചില്ലുകൾ കല്ലേറിൽ തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ടിപ്പർ ലോറിയുടെ മുൻഭാഗത്തെ ചില്ല് ഓടുകൊണ്ട് എറിഞ്ഞ് തകർക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന വീട്ടുകാർ പുറത്തിറങ്ങി വന്നപ്പോഴേയ്ക്കും അക്രമിസംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്‌ഥലത്തെത്തി.

കണ്ണപ്പിലാവിന് സമീപം കോൾമൊട്ടയിൽ കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം സിപിഐ നേതാവ് കെ.വി.മൂസാൻകുട്ടി മാസ്റ്ററുടെ സ്മാരക മന്ദിരം ആക്രമിച്ചിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുവരികയാണ്.

ആന്തൂർ നഗരസഭയിൽ പല സിപിഎം കേന്ദ്രങ്ങളിലും ബിജെപിയിലേക്ക് നിരവധി പ്രവർത്തകർ കടന്നുവരുന്നതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി രവീന്ദ്രൻ കടമ്പേരി ആരോപിച്ചു. ആശയത്തെ ആയുധം കൊണ്ട് നേരിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.