ബിജെപി–സിപിഎം സംഘർഷം: പേരാമ്പ്രയിൽ ഹർത്താൽ തുടങ്ങി
Wednesday, January 11, 2017 10:14 AM IST
പേരാമ്പ്ര: ചെഗുവേരയ്ക്കെതിരെ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പേരാമ്പ്രയിൽ നടത്തിയ പ്രസംഗവും തുടർന്നു ഇതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനവും സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തെ തുടർന്ന് ഇന്ന് പേരാമ്പ്രയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപി പേരാമ്പ്ര പഞ്ചായത്ത് സമിതിയാണ് ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ പേരാമ്പ്ര ടൗൺ ഉൾപ്പെട്ട കല്ലോട് മുതൽ കൈതയ്ക്കൽ വരെയാണ് ഹർത്താൽ. വാഹനങ്ങൾ, ബാങ്കുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

കള്ളപ്പണ മുന്നണികൾക്കെതിരെ ബിജെപി നടത്തുന്ന ഉത്തരമേഖല ജാഥ ചൊവ്വാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെത്തിയതു മുതലാണ് അനിഷ്‌ട സംഭവങ്ങളുടെ തുടക്കം. പ്രാകൃതമനുഷ്യന്റെ പ്രത്യയശാസ്ത്രം പുലർത്തുന്ന ഇരുണ്ട അധ്യായത്തിന്റെ ഉടമയും മനുഷ്യനെ കൊന്നുതിന്നുന്ന കശ്മലനുമായിരുന്നു ചെഗുവേരയെന്നാണ് ജാഥാ ലീഡറായ എ.എൻ. രാധാകൃഷ്ണൻ പ്രസംഗിച്ചത്. ചെഗുവേരയുടെ ഫോട്ടോ വച്ച് പാവപ്പെട്ട യുവാക്കളെ വഴിതെറ്റിക്കുകയാണ്. ചെഗുവേരയുടെ ഫോട്ടോകൾ ഡിവൈഎഫ്ഐക്കാരെ കൊണ്ട് തന്നെ കേരളത്തിൽ നിന്ന് എടുത്തുമാറ്റിക്കും. പകരം മാർക്സിസ്റ്റു നേതാക്കളുടേയോ ഗാന്ധിജിയുടെയോ നവോഥാന നായകരുടേയോ ഫോട്ടോകൾ വയ്ക്കാനാണ് ഇവർ ശ്രമിക്കേണ്ടതെന്നും രാധാകൃഷ്ണൻ സ്വീകരണ യോഗത്തിൽ പ്രസ്താവിച്ചിരുന്നു.

ഇതിനെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ ഇവർ ടാക്സി സ്റ്റാൻഡ് പരിസരത്ത് ബിജെപി സ്വീകരണ സമ്മേളനം നടത്തിയ സ്‌ഥലത്ത് ചാണകം തളിച്ച് ശുദ്ധീകരണവും നടത്തി. പ്രതിഷേധത്തിനിടെ ബിജെപിയുടെ കൊടിയും ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഡിവൈഎഫ്ഐ പ്രകടനത്തിനിടെയാണ് ഇതുണ്ടായതെന്നു ബിജെപി നേതാക്കൾ ആരോപിക്കുകയും ചെയ്തു. പേരാമ്പ്രയിൽ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ഹർത്താലിന്റെ ഭാഗമായി കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.