അൽജസീറ വാർത്താ അവതാരകന്റെ കസ്റ്റഡി ഈജിപ്ത് നീട്ടി
Wednesday, January 11, 2017 7:37 AM IST
കെയ്റോ: അറസ്റ്റിലായ അൽജസീറ വാർത്താ അവതാരകൻ മഹമ്മൂദ് ഹുസൈൻ ഗോമയുടെ കസ്റ്റഡി കാലാവധി ഈജിപ്ത് നീട്ടി. 15 ദിവസം കൂടി ഇയാളുടെ കസ്റ്റഡി തുടരാമെന്നാണ് ഈജിപ്ഷ്യൻ കോടതി വിധിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഭരണകൂടത്തിനെതിരായി കൃത്രിമമായി വാർത്ത സൃഷ്ടിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് വിവരങ്ങൾ.

ഇക്കഴിഞ്ഞ ഡിസംബർ 25നാണ് ദേശീയ സുരക്ഷാ ഏജൻസി ഗോമയെ അറസ്റ്റ് ചെയ്തത്. പിന്നീട് അൽജസീറ ഒദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് സ്‌ഥിരീകരിച്ചത്. ഗോമയെ എത്രയും വേഗം മോചിപ്പിക്കണമെന്നും അൽജസീറ ആവശ്യപ്പെട്ടു.