മുഖ്യമന്ത്രിയാകാൻ കേജരിവാളില്ല; വാർത്തകൾ തള്ളി എഎപി
Tuesday, January 10, 2017 11:43 PM IST
ന്യൂഡൽഹി: അരവിന്ദ് കേജരിവാൾ പഞ്ചാബിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയായേക്കുമെന്ന വാർത്ത തള്ളി ആം ആദ്മി പാർട്ടി. പഞ്ചാബിൽ എഎപി വിജയിച്ചാലും കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്ന് പാർട്ടി അറിയിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായിരിക്കും കേജരിവാൾ. എന്നാൽ മുഖ്യമന്ത്രി ആകുമെന്ന് ഇതിനർഥമില്ലെന്നും എഎപി നേതാവ് അതിഷി മാർലിന പറഞ്ഞു.

കേജരിവാൾ മുഖ്യമന്ത്രിയാകുമെന്ന് മനീഷ് സിസോദിയ പറഞ്ഞിട്ടില്ല. അദ്ദേഹം പഞ്ചാബിൽ പാർട്ടിയുടെ മുഖമായിരിക്കുമെന്നാണ് സൂചിപ്പിച്ചതെന്നും അതിഷി പറഞ്ഞു. കേജരിവാൾ പ്രതിനിധീകരിക്കുന്നത് ആം ആദ്മി പാർട്ടിയെയാണ്. അദ്ദേഹം വിശ്വാസ്യതയെയും പ്രതിനിധീകരിക്കുന്നു. ഡൽഹിയിൽ അദ്ദേഹം നിരവധി വാഗ്ദാനങ്ങൾ നിറവേറ്റി. കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയാണ്. രാജ്യതലസ്‌ഥാനത്തെ ജനങ്ങളോട് അദ്ദേഹത്തിന് നിരവധി ഉത്തരവാദിത്വങ്ങളുണ്ടെന്നും അതിഷി പറഞ്ഞു.

പഞ്ചാബിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി അരവിന്ദ് കേജരിവാളായേക്കുമെന്നുള്ള അഭ്യൂഹത്തിന് ഡൽഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയാണ് വഴിമരുന്നിട്ടത്. ‘ആം ആദ്മിക്ക് വോട്ടു ചെയ്യുന്നവർ ചിന്തിക്കുക, നിങ്ങൾ വോട്ട് ചെയ്യുന്നത് കേജരിവാളിനാണ്’ എന്ന സിസോദിയയുടെ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. മൊഹാലിയിൽനടന്ന പൊതുപരിപാടിയിലാണ് സിസോദിയ ഇക്കാര്യം പറഞ്ഞത്.