കള്ളപ്പണം വെളുപ്പിച്ചു; 200 നിർജീവ കമ്പനികൾ നിരീക്ഷണത്തിൽ
Tuesday, January 10, 2017 11:14 PM IST
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനുശേഷം നിർജീവ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചതായി ആദായനികുതി വിഭാഗത്തിന്റെ കണ്ടെത്തൽ. 200ൽ അധികം നിർജീവ കമ്പനികളിലൂടെ കോടികൾ വെളുപ്പിച്ചതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ഡൽഹി, കർണാടക, രാജസ്‌ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാണ് എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് ആദായനികുതി വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇത്തരം കമ്പനികളുടെ സാമ്പത്തിക ഉറവിടത്തെ സംബന്ധിച്ചും കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചവരെ സംബന്ധിച്ചും ആദായനികുതി വകുപ്പ് അന്വേഷണം നടത്തിവരികയാണ്. അടുത്തിടെ ഡൽഹിയിൽ അറസ്റ്റിലായ അഭിഭാഷകൻ രോഹിത് ടണ്ഠൻ തന്റെ നിർജീവ കമ്പനിയിലൂടെ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൂടാതെ, നോട്ട് അസാധുവാക്കലിനുശേഷം ആരംഭിച്ച ചെറുകിട കമ്പനികളെ സംബന്ധിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. ഇത്തരം കമ്പനികളിലൂടെയും ഈ കമ്പനികളുമായി ബന്ധപ്പെടുന്നവരിലുടെയും നടക്കുന്ന പണമിടപാടുകൾ നിരീക്ഷിച്ചുവരികയാണ്.

നേരത്തെ, ഡൽഹിയിലും കോൽക്കത്തയിലുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന 10.26 ലക്ഷം കമ്പനികളിൽ ഒന്നരലക്ഷത്തിനടുത്ത് കമ്പനികൾ, പണമിടപാടുകൾക്കു മാത്രമായുള്ള നിർജീവ കമ്പനികളാണെന്ന് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.