ശ്രീജിവിന്‍റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിനു കൈമാറി
Friday, January 19, 2018 10:35 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം സഹോദരൻ ശ്രീജിത്തിന് കൈമാറി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർ ശ്രീജിത്തിന്‍റെ സമരസ്ഥലത്ത് എത്തിയാണ് വിജ്ഞാപനത്തിന്‍റെ പകർപ്പ് കൈമാറിയത്.

ഡൽഹി സ്പെഷൽ പോലീസ് ആക്ട് പ്രകാരമേ സിബിഐ അന്വേഷണം സാധ്യമാകുമായിരുന്നുള്ളുവെന്നും ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളോ കോടതിയോ ഉത്തരവ് നൽകിയാലെ സിബിഐ, അന്വേഷണം ഏറ്റെടുക്കുമായിരുന്നുള്ളുവെന്നും ജയരാജൻ പറഞ്ഞു.

അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ സിബിഐയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ, അസാധാരണവും അപൂർവുമായ കേസിന്‍റെ പരിധിയിൽ വരാത്തതിനാൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് സിബിഐ അറിയിച്ചിരുന്നത്. അതേസമയം, ശ്രീജിത്തിന്‍റെയും അമ്മയുടെയും ആവശ്യം പരിഗണിച്ച് സർക്കാർ വീണ്ടും കത്തെഴുതി. ഇതേത്തുടർന്നാണ് കേസ് ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചത്.

ഇതോടൊപ്പം, പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി കൈക്കൊണ്ട തീരുമാനങ്ങൾ സ്റ്റേ ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യത്തിൽ, സംസ്ഥാന സർക്കാരിന്‍റെ നിർദേശത്തെത്തുടർന്ന് സ്റ്റേ നീക്കണമെന്നും മറ്റ് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയെന്നും ജയരാജൻ പറഞ്ഞു.

കൂടാതെ, തന്നെ ചില പോലീസ് ഉദ്യോഗസ്ഥർ പരിഹസിക്കുന്നുവെന്ന ശ്രീജിത്തിന്‍റെ അമ്മയുടെ പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ശ്രീജിത്തിന്‍റെയും അമ്മയുടെയും പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് ശ്രീജിത്ത് സമരം അവസാനിപ്പിക്കമെന്നാണ് സർക്കാരിന്‍റെ ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.

ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 771 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തി വരികയായിരുന്നു. സിബിഐ അന്വേഷണം സംബന്ധിച്ചു കേന്ദ്രവും നേരത്തെ ശ്രീജിത്തിനു ഉറപ്പു നൽകിയിരുന്നു. 2014 മേയ് 21നായിരുന്നു ശ്രീജിവിന്‍റെ മരണം.

മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.