ആഷസിന് പതിഞ്ഞ തുടക്കം
Thursday, November 23, 2017 2:15 PM IST
ബ്രിസ്ബെയ്ൻ: ആഷസിന്‍റെ ആദ്യദിനം പൂർത്തിയായത് പതിഞ്ഞ താളത്തിൽ. പരന്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് മാത്രമാണ് നേടിയത്. ജയിംസ് വിൻസ് (83), മാർക്ക് സ്റ്റോണ്‍മാൻ (53) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ പ്രത്യേകത. കളിനിർത്തുന്പോൾ ഡേവിഡ് മലാൻ (28), മൊയിൻ അലി (13) എന്നിവരാണ് ക്രീസിൽ.

80.3 ഓവർ മത്സരം നടന്ന ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെടുത്തത്. സ്കോർ ബോർഡ് രണ്ടിൽ എത്തിയപ്പോൾ തന്നെ ഓപ്പണർ അലിസ്റ്റർ കുക്ക് (2) വീണു. രണ്ടാം വിക്കറ്റിൽ വിൻസ്-സ്റ്റോണ്‍മാൻ സഖ്യം മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. ഇരുവരും ചേർന്ന് 125 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത് ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് വീണ്ടും സമ്മർദ്ദത്തിലായി. ഇതിനിടെ ക്യാപ്റ്റൻ ജോ റൂട്ടും (15) വീണു.

ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസ് രണ്ടു വിക്കറ്റുകൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.