ശീതകാല സമ്മേളനം: പാർലമെന്‍റ് പ്രക്ഷുബ്‌ധം
Friday, December 15, 2017 2:19 AM IST
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്‍റെ ആദ്യദിനം രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടർന്നു രാജ്യസഭ 11.30 വരെ നിർത്തിവച്ചിരിരുന്നു. പിന്നീട് സഭ ചേർന്നപ്പോഴും പ്രതിപക്ഷ പാർട്ടികൾ ബഹളം വച്ചതോടെ സഭ 2.30 വരെ നിർത്തിവച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ പ്രക്ഷുബ്‌ധമായത്.

ജെഡിയു മുതിർന്ന നേതാവ് ശരത് യാദവിന്‍റെ രാജ്യസഭാ അംഗത്വം റദ്ദാക്കിയ നടപടിയെയും രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തു. അതേസമയം ശരത് യാദവ് വിഷയത്തേക്കാൾ പ്രാധാന്യം ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ചാണെന്നും ഈ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു നിലപാട് സ്വീകരിച്ചു. തമിഴ്നാട്ടിൽനിന്നുള്ള എംപിമാരും ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച വിഷയം സഭയിൽ ഉന്നയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ സമ്മേളനത്തിനുശേഷം മരിച്ച എംപിമാരുടെ വേർപാടിൽ അനുശോചിച്ച് ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു. ലോക്സഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ അംഗങ്ങളെ സ്വാഗതം ഇന്ന് ചെയ്തിരുന്നു. ശീതകാല സമ്മേളനത്തെ വളരെ പ്രതീക്ഷയോടെയാണ് സമീപിക്കുന്നതെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.