ചാണ്ടിയുടെ രാജി വിഷയം; എൻസിപി ഒളിച്ചു കളിക്കുന്നു
Tuesday, November 14, 2017 5:00 PM IST
കൊച്ചി: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കേട്ടിട്ടും തോമസ് ചാണ്ടിയുടെ രാജിയിൽ എൻസിപി ഒളിച്ചുകളിക്കുന്നു. കൊച്ചിയിൽ ചേർന്ന് പാർട്ടി യോഗത്തിൽ മന്ത്രിക്കെതിരേ ഒരു വിഭാഗം നിലപാടെടുത്തെങ്കിലും രാജിക്കാര്യത്തിൽ തീരുമാനമായില്ല. പാർട്ടി തോമസ് ചാണ്ടിക്ക് ഒപ്പമാണെന്നും സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ പറഞ്ഞു.

വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. ഇടത് മുന്നണി ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കാൻ പറഞ്ഞാൽ മന്ത്രി രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടാൽ തുടരാൻ കഴിയുമോ എന്ന മറുചോദ്യമാണ് പീതാംബരൻ ഉന്നയിച്ചത്.

ഹൈക്കോടതി വിധി മന്ത്രിക്ക് എതിരല്ലെന്നാണ് എൻസിപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. മന്ത്രി അപരാധിയാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. കോടതി രാജിവയ്ക്കാൻ പറഞ്ഞുവെന്ന വാദം മാധ്യമ സൃഷ്ടിയാണ്. മന്ത്രിയുടെ നിലപാട് കളക്ടറെ അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചതെന്നും പീതാംബരൻ കൂട്ടിച്ചേർത്തു.
RELATED NEWS