ഹാദിയയുടെ ചിത്രം പ്രചരിപ്പിച്ച കേസ്: രാഹുൽ ഈശ്വറിന്‍റെ അറസ്റ്റ് തടഞ്ഞു
Monday, October 23, 2017 11:34 AM IST
കൊച്ചി: ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങൾ അനുമതിയില്ലാതെ ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വ്യാഴാഴ്ച വരെ തടഞ്ഞു. രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം.

അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടുവെന്നാണ് ഹാദിയയുടെ പിതാവ് അശോകൻ പോലീസിൽ പരാതി നൽകിയത്. വൈക്കം പോലീസ് സ്റ്റേഷനിലാണ് ഹാദിയയുടെ പിതാവ് പരാതി നൽകിയത്. മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പോലീസ് കാവലിലാണ് ഹാദിയ കഴിയുന്നത്.

ഹാദിയയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറിയത്. രാഹുൽ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്‍റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.
RELATED NEWS