മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
Tuesday, September 19, 2017 11:48 PM IST
കണ്ണൂർ: തനിക്കെതിരായ ബന്ധു നിയമനക്കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തലിനെ സ്വാഗതം ചെയ്ത് മുൻമന്ത്രി ഇ.പി.ജയരാജൻ. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധുനിയമന കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ധാർമികമായി പറഞ്ഞാൽ നിയമനം ഒഴിവാക്കേണ്ടതായിരുന്നു. നിയമന ഉത്തരവ് പുറത്തിറങ്ങി രണ്ടു ദിവസത്തിനകം തന്നെ മരവിപ്പിക്കുകയും ചെയ്തു. ധാർമിക മുൻ നിർത്തിയാണ് തെറ്റ് തിരുത്തിയതെന്നും തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഉത്തരവ് റദ്ദാക്കിയ ശേഷമാണ് മാധ്യമങ്ങൾ തനിക്കെതിരേ വാർത്തകൾ വ്യാപകമായി നൽകിയത്. രണ്ടാഴ്ചക്കാലം മറ്റൊരു വിഷയവും മാധ്യമങ്ങൾ പരിഗണിച്ചില്ല. നിയമനവുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചാൽ താൻ തെറ്റുകാരനല്ല. വിവാദമുണ്ടായ പശ്ചാത്തലത്തിൽ പാർട്ടിയുടെയും സർക്കാരിന്‍റെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ് രാജിവച്ചത്. തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നും തന്നെ ബോധപൂർവം ആക്രമിക്കാൻ ഉദ്ദേശിച്ചാണ് ആരോപണങ്ങൾ എല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണം ഉയർന്ന് പരാതി വന്നപ്പോൾ ത്വരിത പരിശോധന പോലും പൂർത്തിയാക്കാതെയാണ് വിജിലൻസ് തനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ജേക്കബ് തോമസ് ഇടപെട്ടാണോ കേസെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹവുമായി ഫോണിൽ പോലും സംസാരിച്ചുള്ള പരിചയമില്ലെന്നും അദ്ദേഹത്തിന് തന്നോട് വൈരാഗ്യം തോന്നേണ്ട സാഹചര്യമില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.