അബിത മേളയുടെ താരം
അബിത മേളയുടെ താരം
Tuesday, December 6, 2016 1:37 PM IST
തേഞ്ഞിപ്പലം: സംസ്‌ഥാന സ്കൂൾ കായികമേളയ്ക്കു തിരശീല വീണപ്പോൾ ഏറ്റവുമധികം മെഡൽ നേടിയ താരമായാണ് അബിത മേരി മാനുവൽ എന്ന കോഴിക്കോട്ടുകാരി മടങ്ങുന്നത്. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയായ അബിത നാലു മെഡലുകളാണ് മേളയിൽ നിന്നു വാരിയത്. സീനിയർ വിഭാഗത്തിൽ മത്സരിച്ച പി.ടി. ഉഷയുടെ പ്രിയശിഷ്യ 400 മീറ്റർ, 800 മീറ്റർ എന്നീ വ്യക്‌തിഗത ഇനങ്ങളിൽ സ്വർണം നേടിയപ്പോൾ 1500 മീറ്ററിൽ വെള്ളി നേടി. അവസാനം നടന്ന 400 മീറ്റർ റിലേയിൽ കോഴിക്കോടിനെ സ്വർണത്തിലേക്കു നയിച്ചുകൊണ്ട് അവസാന ലാപ്പിലോടിയതും മറ്റാരുമായിരുന്നില്ല.

1500 മീറ്ററിൽ തന്നെ പിന്നിലാക്കിയ പാലക്കാട് സ്കൂളിന്റെ സി. ബബിതയെ പിന്തള്ളിയാണ് 800 മീറ്ററിൽ അബിത സ്വർണമണിഞ്ഞത്. ഒരു തരത്തിൽ പറഞ്ഞാൽ മധുരപ്രതികാരം. കോഴിക്കോട് കല്ലാനോട് അകമ്പടിയിൽ വീട്ടിൽ മാനുവലിന്റെയും ബീനയുടെയും മകൾക്കിത് അഞ്ചാമത്തെ സ്കൂൾ മീറ്റായിരുന്നു.പരിശീലകയായ പി.ടി. ഉഷയ്ക്കാണ് അബിത തന്റെ വിജയത്തിന്റെ ക്രെഡിറ്റ് നൽകുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റുകളിലൊരാളായ പി.ടി. ഉഷയുടെ പരിശീലനമാണ് അബിതയിലെ പ്രതിഭയെ ഉണർത്തിയത്. സംസ്‌ഥാന മീറ്റിലെ പ്രകടനം ദേശീയമീറ്റിൽ ആവർത്തിക്കാനൊരുങ്ങുകയാണ് അബിത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.