ജിഷ്ന ദേശീയ റിക്കാർഡിലും ഉയരത്തിൽ
ജിഷ്ന ദേശീയ റിക്കാർഡിലും ഉയരത്തിൽ
Tuesday, December 6, 2016 1:37 PM IST
തേഞ്ഞിപ്പലം: ആത്മവിശ്വാസമുണ്ടെങ്കിൽ പ്രതിബന്ധങ്ങൾ വഴിമാറുമെന്ന് റിക്കാർഡ് നേട്ടത്തിലൂടെ തെളിയിക്കുകയാണ് പാലക്കാട് കല്ലടി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ എം. ജിഷ്ന ജൂണിയർ പെൺകുട്ടികളുടെ ഹൈജംപിൽ മറ്റു കുട്ടികൾ വിലകൂടിയ സ്പൈക്ക്സ് ധരിച്ചെത്തിയപ്പോൾ പിന്നിൽ മാത്രം മുള്ളുകളുള്ള വളരെ നിലവാരം കുറഞ്ഞ സ്പൈക്സ് അണിഞ്ഞായിരുന്നു ജിഷ്ണ മത്സരിക്കാനിറങ്ങിയത്. കൂലിപ്പണിക്കാരനായ പാലക്കാട് നെന്മാറ അറയ്ക്കൽ വീട്ടിൽ മോഹന്റെയും ആംഗൻവാടിയിലെ ഹെൽപ്പറായ രമയുടെയും മകൾക്ക് തന്റെ മികവു തെളിയിക്കാൻ അതുതന്നെ ധാരാളമായിരുന്നു.

പരിശീലകൻ രാമചന്ദ്രൻ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ജിഷ്ണ കുതിച്ചു ചാടിയത് ദേശീയ റിക്കാർഡിലും മുകളിലേക്കാണ്. 1.70 മീറ്റർ മറികടന്ന ജിഷ്ന തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സംസ്‌ഥാന മീറ്റിൽ ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിന്റെ ഡൈബി സെബാസ്റ്റ്യൻ 2010ൽ കുറിച്ച 1.64 മീറ്ററിന്റെ റിക്കാർഡും, കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിന്റെ ലിസ്ബത്ത് കരോളിൻ ജോസഫ് കഴിഞ്ഞ ദേശീയ മീറ്റിൽ കുറിച്ച 1.65 മീറ്ററിന്റെ ദേശീയ റിക്കാർഡും ജിഷ്നയുടെ പ്രകടനത്തിൽ പിന്നിലായി.1.68 മീറ്റർ ഉയരം താണ്ടിയ ഗായത്രിയും ദേശീയ, സംസ്‌ഥാന റിക്കാർഡുകളെ മറികടക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 1.58 മീറ്റർ ഉയരത്തിൽ ചാടിയ മാർബേസിലിന്റെ മെറിൻ ബിജുവിനാണ് വെങ്കലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.