ചാമ്പ്യൻസ് ലീഗ് : ബയേൺ–അത്ലറ്റിക്കോ പോര് ഇന്ന്
ചാമ്പ്യൻസ് ലീഗ് : ബയേൺ–അത്ലറ്റിക്കോ പോര് ഇന്ന്
Monday, December 5, 2016 2:03 PM IST
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ പോരാട്ടങ്ങൾ ഇന്ന്്. ബാഴ്സലോണ, ആഴ്സണൽ, ബയേൺ മ്യൂണിക്, അത്ലറ്റിക്കോ മാഡ്രിഡ് ഇന്നിറങ്ങും. ബയേൺ മ്യൂണിക്–അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടമാണ് ഇതിലെ ഏറ്റവും ശ്രദ്ധേയം ആകുക. രണ്ടു ടീമുകളും പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ബയേണിന് അത്ലറ്റികോയുടെ തട്ടകത്തിലേറ്റ തോൽവിക്കു പകരം വീട്ടാനുള്ള അവസരമാണ് സ്വന്തം അലയൻസ് അരീനയിൽ സ്പാനിഷ് ക്ലബ്ബുമായി കൊമ്പുകോർക്കുന്നതിലൂടെ ലഭിച്ചിരിക്കുന്നത്. അത്ലറ്റിക്കോയാണെങ്കിൽ ഗ്രൂപ്പ് ഡിയിലെ പൂർത്തിയായ അഞ്ചു കളിയിലും അഞ്ചിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ്. ബയേണാകട്ടെ, കഴിഞ്ഞ കളിയിൽ റോസ്റ്റോവിനോട് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ജയത്തോടെ യൂറോപ്പ ലീഗിലേക്കു കടക്കാനാണ് റോസ്റ്റോവ് പിഎസ്വി ഐന്തോവനെ അവരുടെ നാട്ടിൽ നേരിടുന്നത്.

ഗ്രൂപ്പ് സിയിൽ പ്രീക്വാർട്ടറിൽ കടന്ന ബാഴ്സലോണ ന്യൂകാമ്പിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ നേരിടും. കഴിഞ്ഞ മൂന്നു വ്യത്യസ്ത ടൂർണമെന്റുകളിലെ അഞ്ചു കളികളിൽ ബാഴ്സലോണയ്ക്ക് ഒരു ജയമേ നേടാനായിട്ടുള്ളൂ. റയൽ മാഡ്രിഡിനെതിരേയുള്ള എൽക്ലാസിക്കോ പോരാട്ടത്തിൽ മുന്നിൽനിന്ന ശേഷം സമനില വഴങ്ങേണ്ടിവന്നു. അതുകൊണ്ട് വിജയ വഴിയിലേക്കു തിരിച്ചെത്താനാണ് ബാഴ്സയുടെ ലക്ഷ്യം. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സെൽറ്റിക്കിനെതിരേ സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തിലിറങ്ങും.


ഗ്രൂപ്പ് എയിൽ ഗ്രൂപ്പ് ചാമ്പ്യൻമാർ ആരാകുമെന്ന് ഇന്നറിയാം. ഒന്നും രണ്ടും സ്‌ഥാനത്തുള്ള ആഴ്സണലിനും പാരി സാൻ ഷെർമയിനും 11 പോയിന്റ് വീതമാണുള്ളത്. ആഴ്സണൽ എവേ പോരാട്ടത്തിൽ എഫ്സി ബാസലിനെയും പിഎസ്ജി പാരീസിൽ ലൂഡോഗൊരറ്റ്സുമായും ഏറ്റുമുട്ടും. മൂന്നും നാലും സ്‌ഥാനത്തുള്ള ലൂഡോഗൊററ്റ്സിനും ബാസലിനും യൂറോപ്പ ലീഗ് യോഗ്യത നേടാൻ ജയം അനിവാര്യമാണ്.

ഇരുവരെ പ്രീക്വാർട്ടർ ചിത്രം വ്യക്‌തമാകാത്ത ഗ്രൂപ്പ് ബിയിലാണ് ആവേശകമായ മത്സരങ്ങൾ. ഒന്നാം സ്‌ഥാനക്കാരായ ബെൻഫിക്ക രണ്ടാമതുള്ള നാപ്പോളിയെ സ്വന്തം നാട്ടിൽ നേരിടും. പ്രീക്വാർട്ടർ ഉറപ്പിക്കാൻ രണ്ടു ടീമിനും ജയം അത്യാവശ്യവുമാണ്. ബെൻഫിക്ക–നാപ്പോളി മത്സരം സമനിലയായാൽ ഫലം മറിച്ചാകും. നിലവിൽ ബെൻഫിക്കയ്ക്കും നാപ്പോളിക്കും എട്ട് പോയിന്റ് വീതമാണുള്ളത്. മൂന്നാമതുള്ള തുർക്കി ക്ലബ് ബെസിക്റ്റാസ് നാലാം സ്‌ഥാനത്തുള്ള ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയാൽ തുർക്കി ക്ലബ് പ്രീക്വാർട്ടറിലെത്തും. മൂന്നാം സ്‌ഥാനത്തുള്ള ബെസിക്റ്റാസിന് ഏഴു പോയിന്റാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.