എൽക്ലാസിക്കോ: സമനില തെറ്റാതെ ന്യൂകാമ്പ്
എൽക്ലാസിക്കോ: സമനില തെറ്റാതെ ന്യൂകാമ്പ്
Saturday, December 3, 2016 2:34 PM IST
ബാഴ്സലോണ: ന്യൂകാമ്പിലെ ആവേശം സമനില തെറ്റിയില്ല. സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണ – റയൽ മാഡ്രിഡ് പോരാട്ടം സമനിലയിൽ കലാശിച്ചു. സ്പാനിഷ് ലീഗിൽ റയലും ബാഴ്സയും ഓരോ ഗോൾ വീതം നേടി. സീസണിലെ ഒരു മത്സരവും പരാജയപ്പെടാതെ റയലിന്റെ കുതിപ്പു തുടരുകയാണ്. 14 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി റയലാണ് മുന്നിൽ. ബാഴ്സയ്ക്ക് 28 പോയിന്റാണുള്ളത്.

ഗോൾരഹിതമായ ഒന്നാം പകുതിക്കു ശേഷം രണ്ടാം പകുതിയിൽ 53–ാം മിനിറ്റിൽ നെയ്മറുടെ മികച്ച ക്രോസിൽ ലൂയി സുവാരസ് ബാഴ്സയുടെ ഗോൾ നേടിയപ്പോൾ നായകൻ സെർജി റാമോസിന്റെ വകയായിരുന്നു 90–ാം മിനിറ്റിലെ റയലിന്റെ ഗോൾ. ബാഴ്സയുടെ തട്ടകത്തിൽ പതിഞ്ഞ താളത്തിലായിരുന്നു ആദ്യ പകുതിയുടെ തുടക്കം. മൂന്നാം മിനിറ്റിൽത്തന്നെ റയൽ ബാഴ്സ ഗോൾമുഖം ആക്രമിച്ചു. സ്പാനിഷ് താരം ലൂക്കാസ് വാസകോസിനെ മസ്കരാനോ തടുത്തിട്ടു. പതുക്കെ പന്തടക്കത്തതോടെ ബാഴ്സ കളിയിൽ വരുതിലാക്കാനുള്ള ശ്രമത്തിലായിരുന്നു. ഏഴാം മിനിറ്റിലായിരുന്നു കറ്റാലൻ പടയ്ക്കു മത്സരത്തിലെ ആദ്യ അവസരം തുറന്നുകിട്ടിയത്. മെസിയും നെയ്മറും മെനഞ്ഞ നീക്കം കർവഹാൽ പൊളിച്ചു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ റയൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടി മാഴ്സലോയുടെ ക്രോസ് വന്നു. അക്രോബാറ്റിക് ശ്രമത്തിലൂടെ വലകുലുക്കാനുള്ള പോർച്ചുഗൽ താരത്തിന്റെ ശ്രമം നടന്നില്ല. ചില ഒറ്റയാൾ മുന്നേറ്റങ്ങൾ ഒഴിച്ചാൽ ആദ്യപകുതിയിൽ ഇരുടീമുകൾക്കും അധികമായൊന്നും ചെയ്യാനായില്ല.


രണ്ടാം പകുതിയിലും പന്ത് കൈപ്പിടിയിൽ വച്ച് കളി നിയന്ത്രിച്ചത് ബാഴ്ലലോണയായിരുന്നു. അതിനുള്ള ഫലം വേഗം വന്നു. ഗോളിലേക്കുള്ള വഴി തുറന്നത് ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മറിന്റെ ഫ്രീകിക്ക്. നെയ്മർ ഉയർത്തിവിട്ട കിക്ക് ബോക്സിനുള്ളിൽ കാത്തുനിന്ന ലൂയിസ് സുവാരസിന്റെ തലപ്പാകത്തിന്. സുവാരസിനു പിഴച്ചില്ല. പന്ത് വലയിൽ. മത്സരം ബാഴ്സയുടെ വിജയത്തിലേക്കെന്നു തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു റയലിന്റെ സമനില ഗോൾ പിറന്നത്. ലൂക്ക മോഡ്രിച്ചിന്റെ ഉജ്വല ഫ്രീകിക്കിൽ റയൽ നായകന്റെ റാമോസിന്റെ ഉശിരൻ ഹെഡർ. ബാഴ്സയുടെ ഗോളി ടെർ സ്റ്റെഗനു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.