ഓൺ യുവർ മാർക്ക്; സംസ്‌ഥാന സ്കൂൾ കായികോത്സവം ഇന്നു മുതൽ
ഓൺ യുവർ മാർക്ക്; സംസ്‌ഥാന സ്കൂൾ കായികോത്സവം ഇന്നു മുതൽ
Friday, December 2, 2016 1:40 PM IST
തേഞ്ഞിപ്പലം: ട്രാക്കിലും ഫീൽഡിലും പുതിയ തുടിപ്പുകൾ തേടി അറുപതാമത് കേരള സംസ്‌ഥാന സ്കൂൾ കായികോത്സവത്തിന് ഇന്നു കേളികൊട്ടാകും. ഇന്നു മുതൽ ആറു വരെ തേഞ്ഞിപ്പലം കാലിക്കട്ട് യൂണിവേഴ്സിറ്റി സി.എച്ച് മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിലാണ് കായികോത്സവം അരങ്ങേറുന്നത്. ഫുട്ബോളിന്റെ സിരാകേന്ദ്രമായ മലപ്പുറത്ത് ഇതാദ്യമായാണ് സംസ്‌ഥാന സ്കൂൾ കായികോത്സവം വിരുന്നെത്തുന്നത്. അതുകൊണ്ട് എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കികൊണ്ടു കായികോത്സവം വൻ ആഘോഷമാക്കി മാറ്റാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

സബ് ജൂണിയർ, ജൂണിയർ, സീനിയർ, ആൺ, പെൺ വിഭാഗങ്ങളിലായി 2581 കുട്ടികളാണ് 95 ഇനങ്ങളിലായി ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

കാലിക്കട്ടിന്റെ മികവുറ്റ ഗ്രൗണ്ടിൽ കേരളത്തിന്റെ കൗമാര താരങ്ങൾക്ക് ഇന്നു മുതൽ പുതിയ വേഗവും ഉയരവും തീർക്കാം. എല്ലാ ഒരുക്കവും ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായി. ടീമുകൾ മിക്കതും ഇന്നലെ രാത്രി ഏഴുമണിയോവർ ടീമുകൾ രാത്രിയോടെ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും.

രാവിലെ പതിനൊന്നോടെ പാലക്കാട് ടീം ആണ് ആദ്യമെത്തിയത്. ഇവർക്കു സ്‌ഥലം എംഎൽഎ പി. അബ്ദുൾ ഹമീദിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം നൽകി. പിന്നീട് മറ്റു ടീമുകളുമെത്തി. കഴിഞ്ഞ വർഷത്തെ ജേതാക്കളായ എറണാകുളം ഉച്ചയോടെ എത്തി. ടീമുകളെല്ലാം സുസജ്‌ജമായി കഴിഞ്ഞു.

പൊടിക്കാറ്റില്ലാതെ കാലിൽ ചോര പൊടിയാതെ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ പുതുപുത്തൻ സിന്തറ്റിക് ട്രാക്ക് ആണ് ഒരുങ്ങിയിരിക്കുന്നത്. നേരത്തേ യൂത്ത് അത്ലറ്റിക്സ് നടക്കുമ്പോൾ വെറും പടികൾ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ ടൈലുകൾ വിരിച്ചു മോടികൂട്ടി ശുചിമുറികൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രാക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടൻ ദേശീയ അത്ലറ്റിക് മീറ്റ് ഇവിടെ വിജയകരമായി നടന്നിരുന്നു. ട്രാക്കിനെ സംബന്ധിച്ച് ആർക്കും പരാതിയില്ല. ഫീൽഡും മികച്ചതെന്ന അഭിപ്രായമാണ് പരിശീലകർക്കും ഒഫീഷ്യൽസിനുമെല്ലാം.

നിലവിലെ ജേതാക്കളായ എറണാകുളം ഇത്തവണയും വിജയ പ്രതീക്ഷയിൽ തന്നെയാണ്. കോതമംഗലത്തു നിന്നുള്ള മാർബേസിൽ, സെന്റ് ജോർജ് സ്കൂൾ , മാതിരപ്പള്ളി സ്കൂളുകൾ എറണാകുളത്തിനു കരുത്തു പകരുന്നു. മേഴ്സിക്കുട്ടൻ അക്കാഡമി, നവദർശൻ സ്പോർട്സ് അക്കാഡമി എന്നിവയും എറണാകുളത്തിന്റെ ശക്‌തിയാണ്. ട്രാക്കിലും ഫീൽഡിലും ഒരുപോലെ കരുത്തു തെളിയിക്കുന്ന 52 അംഗടീമുമായാണ് കഴിഞ്ഞവർഷം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാർ ബേസിൽ എത്തിയിരിക്കുന്നത്. മാർ ബേസിലിന്റെ പൊൻതാരങ്ങളായ അനുമോൾ തമ്പിയും ബിബിൻ ജോർജും ശ്രീഹരിയും ശ്രീകാന്തും ഇത്തവണയും ടീമിലുണ്ട്. സെന്റ് ജോർജിൽ നിന്നു 33 പേരാണ് മേളയ്ക്കെത്തുന്നത്. ഇത്തവണയും ശക്‌തമായ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നേട്ടം കൈവിടില്ലെന്നു പരിശീലക ഷിബി പറയുന്നു. എല്ലായിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ള താരങ്ങളാണ് പ്രതീക്ഷയുണർത്തുന്നത്. മികച്ച ട്രാക്കാണെന്നും അതുകൊണ്ടുതന്നെ മത്സരവും അതുപോലെ പ്രതീക്ഷിക്കാമെന്നു ഷിബി വ്യക്‌തമാക്കി. കേരള അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയും മാതിരിപ്പള്ളി ടീം പരിശീലകനുമായ പി.ഐ. ബാബുവും ഇതേ അഭിപ്രായമാണ് പറഞ്ഞത്. എല്ലാതലത്തിലും വാശിയേറിയ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ത്രോ ഇനങ്ങളിൽ ടീം മുന്നേറുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോഴിക്കോട്ട് 12 സ്വർണമടക്കം 86 പോയിന്റുമായി കുതിച്ച പാലക്കാടും ഇത്തവണ ഗംഭീര പ്രകടനത്തിനൊരുങ്ങുകയാണ്. എറണാകുളമാണ് ഇത്തവണയും പാലക്കാടിനു വെല്ലുവിളി. കല്ലടി ഹയർസെക്കൻഡറി സ്കൂൾ, മുണ്ടൂർ എച്ച്എസ്എസ്, പറളി എച്ച്എസ്എസ് തുടങ്ങിയവ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പോന്നവരാണ്. കോഴിക്കോട്ടു നിന്നുള്ള പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളും പ്രതീക്ഷയുണർത്തുന്നു.


ലിസ്ബത്ത് കരോളിൻ ജോസഫ്, അപർണ റോയ് തുടങ്ങിയ സുവർണതാരങ്ങൾ അണിനിരക്കുന്ന പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി ഇത്തവണ 25 താരങ്ങളെയാണ് ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ടോമി ചെറിയാനാണ് പ്രധാന പരിശീലകൻ. ഇതിനു പുറമെ ഉഷ സ്കൂളിൽ നിന്നുള്ള താരങ്ങളാലും സമ്പന്നമാണ് കോഴിക്കോട് ടീം. ഇവർക്കു പുറമെ പുത്തൻ ശക്‌തികളായി മറ്റു സ്കൂൾ ടീമുകളും ഇത്തവണ കണ്ടേക്കാം. ഇന്നു രാവിലെ ഏഴിനു മത്സരങ്ങൾക്കു തുടക്കമാകും. 18 ഫൈനൽ മത്സരങ്ങളാണ് ഇന്നു നടക്കുക. തുടർന്ന് ഒമ്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പതാക ഉയർത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.അബ്ദുൽ ഹമീദ് എംഎൽഎ അധ്യക്ഷനായിരിക്കും. ഒളിമ്പ്യൻ പി.ടി.ഉഷ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.എ.ശ്രീജേഷ്, ഒളിമ്പ്യൻ കെ.ടി.ഇർഫാൻ എന്നിവർ വിശിഷ്‌ടാതിഥികളായിരിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.വി.അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, വി.അബ്ദുറഹിമാൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കെ.മുഹമ്മദ് ബഷീർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ, അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ അക്കാഡമിക്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി.സഫറുള്ള, കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ,സക്കീർ ഹുസൈൻ, സ്പോർട്സ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ചാക്കോ ജോസഫ് എന്നിവർ പങ്കെടുക്കും. നാളെ മുതൽ രാവിലെ 6.30നാണ് മത്സരങ്ങൾ ആരംഭിക്കുക.

വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.