ഐഎസ്എൽ ഫൈനൽ കൊച്ചിയിൽ
ഐഎസ്എൽ ഫൈനൽ കൊച്ചിയിൽ
Friday, December 2, 2016 1:40 PM IST
കോട്ടയം: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസൺ ഫൈനൽ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 18നാണ് കലാശപ്പോരാട്ടം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ഐഎസ്എൽ സംഘാടകരായഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ ചെയർപേഴ്സണായ നിത അംബാനിയാണ്. വേദി വേണമെന്നതു സംബന്ധിച്ച ആവശ്യം കേരള ഫുട്ബോൾ അസോസിയേഷൻ ദേശീയ ഫെഡറേഷനു മുന്നിൽ വച്ചിരുന്നു.

മികച്ച സംഘാടനവും കാണികളുടെ പങ്കാളിത്തവുമാണ് ഫൈനൽ കൊച്ചിയിൽ നടത്താൻ സംഘാടകരെ പ്രേരിപ്പിച്ച ഘടകം. മാത്രവുമല്ല, 2017 അണ്ടർ 17 ലോകകപ്പ് ഇന്ത്യയിൽ നടക്കുമ്പോൾ അതിലൊരു വേദിയായി നിശ്ചയിച്ചിരിക്കുന്നതും കൊച്ചിയാണ്. ഇതും കൊച്ചിയെ ഫൈനലിനു വേദിയായി പരിഗണിച്ചതിനു കാരണമാണ്. കൊച്ചിക്കൊപ്പം കോൽക്കത്തയിലെ രവീന്ദ്ര സരോവർ സ്റ്റേഡിയമായിരുന്നു ഫൈനലിനായി രംഗത്തുണ്ടായിരുന്നത്. എന്നാൽ, 12000 കാണികളെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കൂ എന്നത് കോൽക്കത്തയ്ക്കു തിരിച്ചടിയായി.


കൊച്ചിയുടെ ആവേശവും സംഘാടകർ കൂടുതലായി പരിഗണിച്ചു. കഴിഞ്ഞ രണ്ടു സീസണിലും കാണികളുടെ പങ്കാളിത്തം മറ്റു വേദികളേക്കാൾ കൊച്ചിയിൽ വളരെ കൂടുതലായിരുന്നു. ഏറ്റവും വലിയ ജനക്കൂട്ടം ഒരു മത്സരത്തിൽ വന്നത് കോൽക്കത്തയിലാണെങ്കിലും ശരാശരിയിൽ കൊച്ചി വളരെ മുന്നിലാണ്. കഴിഞ്ഞ സീസണിൽ 52000 കാണികളാണ് ശരാശരി സ്റ്റേഡിയത്തിലെത്തിയത്. ഏതാണ്ട് 3.40 ലക്ഷം പേർ കൊച്ചിയിലേക്ക് ഒഴുകി. ആദ്യ സീസണിൽ 63000ത്തിലധികം പേർ വന്ന മത്സരവും ഉണ്ടായിരുന്നു. പൂന, കൊച്ചി, ഡൽഹി എന്നീ നഗരങ്ങളിൽ ഉദ്ഘാടനമോ സമാപനമോ നടന്നിട്ടില്ല. ഇതും കൊച്ചിയെ വേദിയായി തീരുമാനിക്കുന്നതിൽ നിർണായകമായി. എന്നാൽ, പുതുവർഷ സമയമായതിനാൽ ഹോട്ടലിന്റെ ലഭ്യതക്കുറവാണ് കൊച്ചിക്ക് പ്രധാന തടസമായി നിന്നിരുന്നത്. ഫുട്ബോളിന്റെ ആവേശത്തിനു മുന്നിൽ ആ പ്രശ്നവും വഴിമാറി. മുംബൈ, ഗോവ എന്നീ നഗരങ്ങളായിരുന്നു യഥാക്രമം ആദ്യ രണ്ടു സീസണുകളിൽ ഫൈനലിനു വേദിയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.